തിരുവനന്തപുരം: സാഫ്കപ്പില്‍ നിലലെ ചാമ്പ്യന്മാര്‍ക്ക് ഗംഭീരവിജയത്തുടക്കം. മുന്‍ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയാണ് അഫ്ഗാന്‍ പോരാളികള്‍ ഇന്നലെ മലര്‍ത്തിയടിച്ചത്. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബംഗ്ലാദേശ് തകര്‍ന്നത്. യൂറോപ്പില്‍ കളിക്കുന്ന 16 താരങ്ങളുമായാണ് അഫ്ഗാന്‍ ടീം കളത്തിനിറങ്ങിയത്. കളിയുടെ ആദ്യപകുതിയില്‍ത്തന്നെ അഫ്ഗാന്‍ മൂന്നുതവണ ബംഗാള്‍ വല കുലുക്കി. കളിയുടെ ആരംഭത്തില്‍ തന്നെ തുടരെത്തുടരെ ലോങ് റേഞ്ചറുകള്‍ പായിച്ച് അഫ്ഗാന്‍ ബംഗ്ലാദേശിനെ വിറപ്പിച്ചു.
34-ാം മിനിറ്റിലാണ് ആദ്യഗോള്‍ പിറന്നത്. അഫ്ഗാന്‍ താരം സുബൈര്‍ അമീറിയുടെ സീറോ അംഗിളില്‍ നിന്നുള്ള ഷോട്ട് ബംഗ്ലാദേശ് ഗോള്‍കീപ്പര്‍ സാഹിദുള്‍ അലാം തടുത്തിട്ടു. ഇതില്‍ നിന്നും ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യ ഗോള്‍ പിറന്നത്. കോര്‍ണര്‍കിക്ക് ഹെഡറിലൂടെ വലയിലാക്കി പ്രതിരോധനിര താരം മാസിഷ് സൈഖനി ആദ്യഗോള്‍ നേടി. ബംഗ്ലാ താരങ്ങള്‍ക്കു തിരിച്ചടിക്കാന്‍ സമയം ലഭിക്കും മുന്‍ തൊട്ടടുത്ത മിനിറ്റില്‍ അടുത്ത ഗോളും പിറന്നു. മൈതാന മധ്യത്തില്‍ നിന്നും ലഭിച്ച ലോബ് സ്വീകരിച്ചു മുന്നേറിയ ക്യാപ്റ്റന്‍ ഫൈസല്‍ ഷയ്‌സ്‌തെ വലകുലുക്കി.
39ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്നും ലഭിച്ച ഗ്രൗണ്ടര്‍ സുബൈര്‍ അമീറി വലയിലേക്കു തിരിച്ചുവിട്ടു. രണ്ടാം പകുതിയുടെ തുടക്കത്തിലേ അഫ്ഗാന്‍ താരങ്ങള്‍ ആക്രമണമാരംഭിച്ചു. ഇടതുവിങ്ങില്‍നിന്നും ഫൈസല്‍ ഷെയ്‌സ്‌തെ നല്‍കിയ പാസ് മുസ്തഫ സസായി മനോഹരമായി ഹെഡറിലൂടെ വലയിലേക്കു തിരിച്ചുവിട്ടെങ്കിലും ക്രോസ്ബാറിലടിച്ചു മടങ്ങി. പകരക്കാരനായിറങ്ങിയ ഖൈബര്‍ അമാനിയുടെ വകയായിരുന്നു നാലാം ഗോള്‍ അമാനിയുടെ ഷോട്ട് ബംഗ്ലാ ഗോള്‍കീപ്പര്‍ സാഹിദുള്‍ ആലം തട്ടിയകറ്റിയെങ്കിലും റീബൗണ്ട് കൃത്യമായി വലയിലെത്തിച്ച് അമാനി അഫ്ഗാന്റെ നാലമത്തെ ഗോള്‍ വലയിലെത്തിച്ചു.
സാഫ് കപ്പില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള മാലദ്വീപ് ഇത്തവണയും ജയത്തോടെയാണ് തുടങ്ങിയത്. രണ്ടാം ദിവസമായ ഇന്നലെ ആദ്യമത്സരത്തില്‍ ഭൂട്ടാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു മാലദ്വീപ് പരാജയപ്പെടുത്തിയത്. ഒന്‍പതാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ഇമാസ് അഹമ്മദ് മാലദ്വീപിനു വേണ്ടി ആദ്യ ഗോള്‍ സ്‌കോര്‍ചെയ്തു. 20-ാം മിനിറ്റില്‍ ഷെറിങ് ഡോര്‍ജിയിലൂടെ ഭൂട്ടാന്‍ തിരിച്ചടിച്ചു. 30-ാം മിനിറ്റില്‍ മാലദ്വീപിന് വേണ്ടി അബ്ദുള്ള അസാദുള്ള ഭൂട്ടാന്‍ വലകുലുക്കി. 70ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഷ്ഫാഖ് അലിയിലൂടെ മാലദ്വീപ് പട്ടികപൂര്‍ത്തിയാക്കി.
ആദ്യ ദിവസത്തെ മത്സരത്തില്‍ ആളൊഴിഞ്ഞ ഗ്യാലറിയായിരുന്നെങ്കില്‍ മാലദ്വീപ് -ഭൂട്ടാന്‍ മത്സരം കാണികളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മാലി പൗരന്മാര്‍ ഒരുപാടുള്ള തിരുവനന്തപുരത്ത് സ്വന്തം രാജ്യത്തിന്റെ കളികാണാന്‍ വലിയ ബാനറുകളുമായി അവര്‍ എത്തി.
ഇന്നു 6.30നു നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.
















