ചാത്തന്നൂര്‍: ബൈക്കുകളില്‍ കൂട്ടമായെത്തുന്ന യുവാക്കളുടെ അമിതവേഗത അപകടം സൃഷ്ടിക്കുന്നു.
പല ബൈക്കുകളിലും മൂന്നുപേരോ അതിലധികമോ ആള്‍ക്കാര്‍ ഉണ്ടാകും. ഇവര്‍ അമിതവേഗത്തില്‍ ആളുകള്‍ പേടിക്കുന്ന രീതിയിലുള്ള ഹോണ്‍ മുഴക്കിയാണ് യാത്ര ചെയ്യുന്നത്. കൂടാതെ സൈലന്‍സറില്‍ ഹോള്‍ ഇട്ട് അമിത ശബ്ദമുണ്ടാക്കുന്നു.
മറ്റു വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ഇതു ഭീഷണിയാണ്. കോളേജ് വിദ്യാര്‍ത്ഥികളാണ് ഏറ്റവും കൂടുതലായി ഇത്തരത്തില്‍ ബൈക്ക് യാത്ര ചെയ്യുന്നത്. പല ബൈക്കുകളും നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാണു പായുന്നത്. അമിത വേഗത്തിലെത്തുന്ന ഇവരെ പേടിച്ച് റോഡിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ടൗണുകളില്‍ പോലും വേഗത കുറയ്‌ക്കാത്ത ഇവരെ പേടിച്ചാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്.
മതിയായ രേഖകളോ രജിസ്‌ട്രേഷന്‍നമ്പര്‍ പോലും ഇല്ലാത്ത ബൈക്കുകളിലാണു ഇതില്‍ കൂടുതലും. എന്നാല്‍, പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും ഇവരുടെ അമിതവേഗതയ്‌ക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുന്നില്ല. അമിതവേഗത്തിലെത്തുന്ന ഇവരെ വാഹനപരിശോധനയ്‌ക്കായി ഉദ്യോഗസ്ഥര്‍ കൈകാണിച്ചാലും നിര്‍ത്താന്‍ കൂട്ടാക്കാറില്ല. അപകട സാധ്യത മുന്നില്‍കണ്ടു പിന്തുടര്‍ന്നു പിടിക്കാനും ശ്രമിക്കാറില്ല. അഥവാ പിടിച്ചാല്‍ തന്നെ പിന്നാലെതന്നെ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ എത്തും.
അപകടരമാംവിധം വേഗതയിലെത്തുന്നവരെ പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തുവിട്ടിരുന്നു. വേഗത ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുന്നതും പതിവാണ്.
പ്രശ്‌നക്കാരായ ഇത്തരക്കാരെ മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ തമ്മിലും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. കുറഞ്ഞ വേഗതയില്‍ യാത്ര ചെയ്യുന്ന വാഹനങ്ങളെ കൂട്ടമായെത്തി പരിഹസിക്കുന്നത് ഇക്കൂട്ടരുടെ വിനോദങ്ങളില്‍ ഒന്നുമാത്രം. പ്രശ്‌നങ്ങളുണ്ടാക്കാതെയും കുടുംബമായും യാത്ര ചെയ്യുന്നവര്‍ പോലും ഇത്തരക്കാരുടെ ചെയ്തികളാല്‍ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.
















