ബെംഗളൂരു: ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഝാര്‍ഖണ്ഡിനെ വിജയതീരത്തെത്തിക്കാനായില്ല. വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഝാര്‍ഖണ്ഡിനെ 99 റണ്‍സിന് കീഴടക്കി നിലവിലെ ചാമ്പ്യന്‍ ദല്‍ഹി സെമിയില്‍. മറ്റൊരു ക്വാര്‍ട്ടറില്‍ കരുത്തരായ പഞ്ചാബിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഹിമാചല്‍ പ്രദേശും അവസാന നാലിലിടം കണ്ടു.
ഇടംകൈയന്‍ സ്പിന്നര്‍ പവന്‍ നേഗിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ദല്‍ഹിക്ക് മികച്ച ജയമൊരുക്കിയത്. എട്ടാമനായിറങ്ങി പുറത്താകാതെ 38 റണ്‍സെടുത്ത നേഗി, എട്ടോവര്‍ എറിഞ്ഞ് 21 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റുമെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 225 റണ്‍സിന് പുറത്ത്. നിതീഷ് റാണ (44) ടോപ് സ്‌കോറര്‍. നേഗിക്കു പുറമെ ശിഖര്‍ ധവാന്‍ (27), റിഷഭ് പന്ത് (24), മനന്‍ ശര്‍മ (21), നായകന്‍ ഗൗതം ഗംഭീര്‍ (20) എന്നിവരും പിന്തുണ നല്‍കി. 29 എക്‌സ്ട്രാ റണ്ണുകളും നിര്‍ണായകം. ഝാര്‍ഖണ്ഡിനായി രാഹുല്‍ ശുക്ല മൂന്നും, വരുണ്‍ ആറോണ്‍, അങ്കിത് ദബാസ് എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ എം.എസ്. ധോണിക്കു മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളു. ഝാര്‍ഖണ്ഡിന്റെ പോരാട്ടം 38 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു. ധോണി പുറത്താകാതെ 70 റണ്‍സെടുത്തു. അങ്കിത് ദബാസ് (16), കൗശല്‍ സിങ് (11) എന്നിവരും, 14 എക്‌സ്ട്രാ റണ്ണുകളും പിന്നെ രണ്ടക്കം കണ്ടത്. നാലു വിക്കറ്റെടുത്ത സുബോദ് ഭാട്ടിയും, മൂന്നു വിക്കറ്റെടുത്ത നവദീപ് സെയ്‌നിയുമാണ് ഝാര്‍ഖണ്ഡിനെ തകര്‍ത്തത്. ഇഷാന്ത് ശര്‍മയ്‌ക്ക് രണ്ടു വിക്കറ്റ്.
കരുത്തരായ പഞ്ചാബിനെ നാലു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഹിമാചല്‍ പ്രദേശ് മുന്നേറിയത്.
മന്‍ദീപ് സിങ്ങിന്റെ (119) സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെടുത്ത പഞ്ചാബിനെതിരെ റോബിന്‍ ബിഷ്ടിന്റെ (109 നോട്ടൗട്ട്) സെഞ്ചുറിയിലൂടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്ത് ലക്ഷ്യം പിന്നിട്ടു ഹിമാചല്‍. ബിഷ്ടാണ് കളിയിലെ കേമന്‍. ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ തമിഴ്‌നാട് ഉത്തര്‍പ്രദേശിനെയും, വിദര്‍ഭ ഗുജറാത്തിനെയും നേരിടും.
















