തിരുവനന്തപുരം: പതിനൊന്നാമത് സാഫ് ഗെിംസിന്റെ ആദ്യമത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തി ശ്രീലങ്കയ്‌ക്ക് അട്ടിമറി ജയം. കളിയുടെ ഇന്‍ജുറി ടൈമിലാണ് ശ്രീലങ്ക ഗോള്‍ നേടിയത്. മുഹമ്മദ് റിഫ്‌നാസാണ് ശ്രീലങ്കയ്‌ക്കുവേണ്ടി നേപ്പാള്‍ വല കുലുക്കിയത്. വലതുവിങ്ങില്‍ നിന്നും കവിന്തു ഇഷാന്‍ നല്‍കിയ ക്രോസ് വലയിലേക്കു ഹെഡ് ചെയ്യാനുള്ള ശ്രീലങ്കന്‍ താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. ഡി ബോക്‌സിനു തൊട്ടുമുന്നില്‍ വീണ പന്ത് മുന്നോട്ടു കയറി നിന്ന നേപ്പാള്‍ ഡിഫന്‍ഡറെ മറികടന്ന് റിഫ്‌നാസ് വലയിലേക്കു പായിക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ പൂര്‍ണമായും നേപ്പാളിന്റെ ആധിപത്യമാണുണ്ടായിരുന്നത്. എന്നാല്‍ പലതവണ അവസരം ലഭിച്ചിട്ടും നേപ്പാള്‍ താരങ്ങള്‍ക്കു സ്‌കോര്‍ ചെയ്യാനായില്ല. കളിയുടെ 10-ാം മിനിറ്റില്‍ത്തന്നെ ശ്രീലങ്കയെ ഞെട്ടിക്കുന്ന മുന്നേറ്റം നേപ്പാളിന്റെ ഭാഗത്തുനിന്നുമുണ്ടായി. നേപ്പാള്‍ ക്യാപ്റ്റന്‍ അനില്‍ ഗുരുങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് ശ്രീലങ്കന്‍ ഗോളി ഡോണ്‍ സുജന്‍ പെരേര രക്ഷപ്പെടുത്തി. 25-ാം മിനിറ്റിലും സുജന്‍ പെരേര ശ്രീലങ്കയുടെ രക്ഷകനായി. പെനാല്‍ട്ടി ബോക്‌സിന്റെ വലതുവശത്ത് ത്രോലൈനിനു സമീപത്തുവെച്ചു നേപ്പാളിന്റെ ബിമലിനെ ഫൗള്‍ ചെയ്തതിനു ശ്രീലങ്കന്‍ താരം ഹക്കീം മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്നു ഹേമങ് ഗുരുങ്ങ് എടുത്ത ഫ്രീകിക്ക് സുജന്‍ പെരേര മുന്നോട്ടു കയറിവന്നു രക്ഷപ്പെടുത്തുകയായിരുന്നു. 39-ാം മിനിറ്റില്‍ ഹേമങ് ഗുരുങ്ങിന്റെ ഒരു ലോങ് റേഞ്ചര്‍ ശ്രീലങ്കന്‍ ക്രോസ് ബാറിനെ തൊട്ടുരുമ്മി പുറത്തേക്കുപോയി.
രണ്ടാം പകുതിയിലും നേപ്പാള്‍ അക്രമണോത്സുകമായ ഫുട്‌ബോളാണു പുറത്തെടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ വലുതിവിങ്ങില്‍ നിന്നും അന്‍ജന്‍ ബിസ്ത നല്‍കിയ ക്രോസ് ശ്രീലങ്കന്‍ പോസ്റ്റിലേക്ക് തിരിച്ചുവിടാനുള്ള ബിമലിന്റെ ശ്രമം പാഴായി. 55-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അനില്‍ ഗുരുങ്ങിനെ പിന്‍വലിച്ച് നവ്‌യുഗ് ശ്രേഷ്ഠയെ നേപ്പാള്‍ കളത്തിലിറക്കി. രണ്ടാം പകുതിയുടെ അവസാനമായതോടെ ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചുവെങ്കിലും നേപ്പാളിനെ തകര്‍ത്ത് ശ്രീലങ്ക മുന്നേറുകയായിരുന്നു.
ഇന്നു രണ്ടു മത്സരങ്ങള്‍. വൈകിട്ടു 3.30നു നടക്കുന്ന മത്സരത്തില്‍ മാലദ്വീപ് ഭൂട്ടാനേയും 6.30നു നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനേയും നേരിടും.
















