ക്രൈസ്റ്റ്ചര്‍ച്ച്: ക്രീസിലെ സംഹാരതാണ്ഡവം ഇനിയില്ല. ആക്രമണോത്സുക ബാറ്റിങ്ങിന്റെ പര്യായമായ ന്യൂസിലന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങളില്‍നിന്ന് മക്കല്ലം പാഡഴിക്കും. ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര ജയത്തിനു ശേഷമാണ് ഈ വലംകൈയന്‍ ബാറ്റ്‌സ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തീരുമാനം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീം തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലാകുമെന്നതിനാലാണ് ഇപ്പോള്‍ത്തന്നെ പ്രഖ്യാപനമെന്നും മക്കല്ലം പറഞ്ഞു. െ്രെകസ്റ്റ്ചര്‍ച്ചില്‍ ഫിബ്രവരി 20നാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ആദ്യ ടെസ്റ്റ് ഫിബ്രവരി 12ന്. ഇത് മക്കല്ലത്തിന്റെ നൂറാം ടെസ്റ്റാണ്. ട്വന്റി20 ലോകകപ്പില്‍ കെയ്ന്‍ വില്ല്യംസണാകും കിവികളെ നയിക്കുക.
ക്രീസില്‍ വിസ്‌ഫോടനങ്ങള്‍ നടത്തിയിട്ടുള്ള ബ്രണ്ടന്‍ മക്കല്ലം ന്യൂസിലന്‍ഡ് ജന്മം നല്‍കിയിട്ടുള്ള മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. 2002ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തിലും, 2004ല്‍ ഹാമില്‍ട്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റിലും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അരങ്ങേറ്റം കുറിച്ചു. 254 ഏകദിനങ്ങളില്‍ അഞ്ച് സെഞ്ച്വറിയടക്കം 5,909 റണ്‍സ് സമ്പാദ്യം. അയര്‍ലന്‍ഡിനെതിരെ നേടിയ 166 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 31 അര്‍ധശതകങ്ങളും ആ ബാറ്റില്‍നിന്ന് പിറന്നു. ശരാശരി 38.48. 99 ടെസ്റ്റില്‍ പാഡണിഞ്ഞ താരം 11 സെഞ്ച്വറിയടക്കം 6,273 റണ്‍സ് നേടിയിട്ടുണ്ട്. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും, മൂന്ന് ഡബിള്‍ സെഞ്ച്വറിയും അകമ്പടി. 31 അര്‍ധശതകങ്ങളും നേടി. വെല്ലിങ്ടണില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ 302 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് തവണ ഇരട്ട സെഞ്ച്വറി നേടിയതും ഇന്ത്യയ്‌ക്കെതിരെ. ടെസ്റ്റില്‍ 100 സിക്‌സറെന്ന അപൂര്‍വ നേട്ടം ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ആദം ഗില്‍ക്രൈസ്റ്റിനൊപ്പം പങ്കിടുന്നു മക്കല്ലം. ട്വന്റി20യില്‍ 71 കളികളില്‍ 2,140 റണ്‍ നേടി. രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരവുമായി. 13 അര്‍ധശതകങ്ങളും ആ ബാറ്റില്‍നിന്ന് പിറന്നു. ഐപിഎല്ലിലും സെഞ്ചുറി നേടി.
വിക്കറ്റിനു പിന്നിലും അതുല്യ പ്രതിഭയായിരുന്നു ഇദ്ദേഹം. ഏകദിനത്തില്‍ 258 ക്യാച്ചും 15 സ്റ്റംപിങ്ങും, ടെസ്റ്റില്‍ 194 ക്യാച്ചും 11 സ്റ്റംപിങ്ങും, ട്വന്റി20യില്‍ 36 ക്യാച്ചും എട്ട് സ്റ്റംപിങ്ങും മക്കല്ലത്തിന്റെ പേരില്‍. ടെസ്റ്റില്‍ ഒരു വിക്കറ്റും ഇദ്ദേഹം സ്വന്തമാക്കി.
നായകനെന്ന നിലയിലും കരുത്തു തെളിയിച്ചു ബ്രണ്ടന്‍ മക്കല്ലം. 2013ല്‍ റോസ് ടെയ്‌ലറില്‍നിന്ന് നായക പദവി ഏറ്റെടുക്കുമ്പോള്‍ വിവാദങ്ങളായിരുന്നു അകമ്പടി. ആദ്യ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് രണ്ട് ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വിയും ഏറ്റുവാങ്ങി. ഒരു കളിയില്‍ 45 റണ്‍സിന് ഓള്‍ഔട്ടുമായി. അവിടെ നിന്ന് ടീം ഉജ്ജ്വലമായി തിരിച്ചുവന്നു. 29 ടെസ്റ്റില്‍ 11 ജയം സമ്മാനിച്ചു കിവികള്‍ക്ക്. ഏകദിന ലോകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ടീമിനെ എത്തിക്കാനുമായി മുപ്പത്തിനാലുകാരനായ മക്കല്ലത്തിന്റെ നേതൃപാടവത്തിന്. ഈ മികവ് ഐസിസിയുടെ ലോകകപ്പ് ഇലവന്റെ നായക സ്ഥാനവും മക്കല്ലത്തിന് സമ്മാനിച്ചു. ഒരു കലണ്ടര്‍ വര്‍ഷം 1,000 റണ്‍സ് തികച്ച ആദ്യ ന്യൂസിലന്‍ഡ് താരമാണ് മക്കല്ലം, 2014ല്‍. മക്കല്ലം വളര്‍ത്തിക്കൊണ്ടുവന്ന കെയ്ന്‍ വില്യംസണ്‍ ഈ വര്‍ഷം ഈ നേട്ടം കൈവരിച്ചു.
ന്യൂസിലന്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒട്ടാഗോ വോട്‌സിന്റെയും ഐപിഎല്ലില്‍ രാജ്‌കോട്ടിലും അംഗമാണ് മക്കല്ലം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്ന മക്കല്ലത്തെ ഏഴര കോടി രൂപയ്‌ക്കാണ് രാജ്‌കോട്ട് സ്വന്തമാക്കിയത്.
















