പാനുര്‍: മുന്‍ മന്ത്രി പിആറിന്റെ 14-ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി പാനൂര്‍ പിആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സംഘടിപ്പിച്ച പുസ്തകോത്സവം മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരി പി.വത്സല അക്ഷരജ്വാല തെളിയിച്ചു. പുസ്തകത്തില്‍ നിന്നും ലഭ്യമാകുന്ന സംസ്‌ക്കാരം അമൂല്യമാണെന്ന് പി.വത്സല അഭിപ്രായപ്പെട്ടു. സ്വഭാവത്തെ ശുദ്ധീകരിക്കാന്‍ വായനക്ക് സാധിക്കും. വായനയിലൂടെ മാത്രമെ കുട്ടികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സാധിക്കുകയുളളു. ഉന്നതവിദ്യാഭ്യാസം ലഭിച്ചിട്ടും നിലവാരത്തകര്‍ച്ച നേരിടാന്‍ കാരണം വായനയുടെ കുറവാണ്. അസഹിഷ്ണുതയും മതവൈരവും വിദ്യാഭ്യാസത്തില്‍ വന്ന ന്യൂനതയുടെ ഭാഗമാണെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. പിആറിന്റെ എന്റെ നാടിന്റെ കഥ-എന്റെയും, ആഞ്ജനേയ സന്ദേശം എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പ് പി.വത്സല കരിവെളളൂര്‍ മുരളിയ്‌ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രിസം പ്രസിദ്ധീകരിച്ച നര്‍മ്മ വിദ്യാലയം, ശിരോലിഖിതം എന്നീ പുസ്തകങ്ങള്‍ മന്ത്രി മുനീറിനു നല്‍കി പി.വത്സല പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ചന്ദ്രന്‍ മാസ്റ്റര്‍, പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ.ചന്ദ്രന്‍, കെ.കെ.സുധീര്‍കുമാര്‍, പ്രമുഖ ഗാന്ധിയന്‍ കെപിഎ.റഹീം, കരിവെളളൂര്‍മുരളി, വി.കെ.കുഞ്ഞിരാമന്‍, പി.ആര്‍.നായര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജു കാട്ടുപുനം സ്വാഗതവും എന്‍.ധനജ്ഞയന്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന ചലച്ചിത്ര സംവാദം സലീം അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രദീപ് ചൊക്ലി അധ്യക്ഷത വഹിച്ചു. എം.മോഹനന്‍, ടി.ദീപേഷ്, അജിത്ത്‌സായ് എന്നിവര്‍ പ്രസംഗിച്ചു. രാമചന്ദ്രന്‍ പന്ന്യന്നൂര്‍ സ്വാഗതവും വിപി.സുകുമാരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ഇന്ന് 2 മണിക്ക് നടക്കുന്ന സര്‍ഗസംവാദം പ്രമുഖ ബാലസാഹിത്യകാരന്‍ സിപ്പിപളളിപ്പുറം ഉദ്ഘാടനം ചെയ്യും. പുസ്തകോത്സവം 26ന് സമാപിക്കും.
















