ബ്രിസ്‌ബേന്‍: സ്വര്‍ണം പൂശിയ ബാറ്റ് കൊണ്ട് ക്രിസ് ഗെയ്‌ലിന് വലിയ വിസ്‌ഫോടനമൊന്നും നടത്താനായില്ല. എന്നാല്‍, തീരെ മോശമാക്കിയുമില്ല. ഓസ്‌ട്രേലിയന്‍ ട്വന്റി20 ലീഗ് ബിഗ് ബാഷില്‍ മെല്‍ബണ്‍ റെനെഗെയ്ഡ്‌സിനു വേണ്ടിയാണ് ഗെയ്ല്‍ സ്വര്‍ണ ബാറ്റുമായി കളത്തിലിറങ്ങിയത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെ ഓപ്പണറായി ഇറങ്ങി 16 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സറും പറത്തി 23 റണ്‍സെടുത്തു ഗെയ്ല്‍. വലിയ സ്‌കോര്‍ കണ്ട മത്സരം മെല്‍ബണ്‍ മൂന്നു പന്ത് ശേഷിക്കെ ഏഴു വിക്കറ്റിന് കൈപ്പിടിയിലാക്കി. നേരത്തെ, ഗെയ്‌ലിന് സ്വര്‍ണ ബാറ്റ് ഉപയോഗിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയിരുന്നു. ബാറ്റ് നിര്‍മാതാക്കളായ സ്‌പോര്‍ടനാണ് സ്വര്‍ണ ബാറ്റ് നിര്‍മിച്ചത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബേന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 35 റണ്‍സെടുത്ത ക്രിസ് ലിന്‍ ടോപ് സ്‌കോറര്‍. ബെന്‍ കട്ടിങ് (30 നോട്ടൗട്ട്), ലെന്‍ഡല്‍ സിമ്മണ്‍ഡസ് (29), നഥാന്‍ റിയര്‍ഡന്‍ (28) എന്നിവരും ടീം സ്‌കോറിന് സംഭാവന നല്‍കി. മെല്‍ബണിനായി സേവ്യര്‍ ദൊഹാര്‍ത്തി രണ്ട് ഇരകളെ കണ്ടെത്തി.
ലക്ഷ്യം പിന്തുടര്‍ന്ന മെല്‍ബണിനായി ക്രിസ് ഗെയ്‌ലാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്. ഗെയ്ല്‍ മടങ്ങിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും (45 പന്തില്‍ 65), കാമറോണ്‍ വൈറ്റും (41 പന്തില്‍ 55) ടീമിനെ ജയത്തിനടുത്തെത്തിച്ചു. ഡ്വെയ്ന്‍ ബ്രാവോയും (ഒമ്പത് പന്തില്‍ പുറത്താകാതെ 22), മാത്യുവെയ്ഡും (ആറ് പന്തില്‍ പുറത്താകാതെ 11) ചേര്‍ന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഫിഞ്ച് കളിയിലെ താരം.
















