ചേമഞ്ചേരി: കണ്ണന്‍കടവില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളായ പി.പി. രാജീവന്‍, പി.പി. സഹദേവന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഘട്ടങ്ങളില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലുള്ള മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കണം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെയും പ്രീണന രാഷ്‌ട്രീയത്തിന്റെയും പിന്‍ബലത്തില്‍ ഏകപക്ഷീയമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത് ജനമധ്യത്തില്‍ തുറന്ന് കാണിക്കുമ്പോള്‍ വര്‍ഗീയ പരിവേഷം നല്‍കി വായടിപ്പിക്കാന്‍ നോക്കേണ്ടെന്നും ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വിനോദ് കാപ്പാട്, പ്രസാദ് കണ്ണന്‍കടവ് എന്നിവര്‍ സംസാരിച്ചു. ദാമോദരന്‍ കുന്നത്ത്, രജീഷ് വെങ്ങളം, കൃഷ്ണന്‍ കോരപ്പുഴ, അനീഷ് കണ്ണന്‍കടവ് എന്നിവര്‍ നേതൃത്വം നല്‍കി. വെറ്റിപ്പോറയില്‍ നിന്നാരംഭിച്ച മാര്‍ച്ച് പബ്ലിക് ലൈബ്രറിക്ക് മുമ്പില്‍ പോലീസ് തടഞ്ഞു.
















