മുക്കം: പാവപ്പെട്ടവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വില കുറച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഒരു മാവേലി സ്‌റ്റോറിനും സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോറിനും മുക്കത്ത് പൂട്ട് വീഴുന്നു. വാടകയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നിരവധി സാധാരണക്കാര്‍ക്ക് ഉപകാരപ്രദമായ ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും പ്രശ്‌നമായത്. മുക്കം ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്‌റ്റോറിന് ശരാശരി പതിനാറ് ലക്ഷം രൂപ വരെയാണ് ഒരു മാസത്തെ വിറ്റുവരവ്. ഉത്സവ സീസണുകളില്‍ ഇത് 25 ലക്ഷം വരെയാവാറുണ്ട്.
ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ മെഡിക്കല്‍ ഷോപ്പിന് ശരാശരി 4 ലക്ഷം രൂപയും മാസം വിറ്റുവരവുണ്ട്.
ഒരു ചതുരശ്രയടിക്ക് 18 രൂപ നിരക്കിലാണ് സപ്ലൈക്കോ വാടക നല്‍കി വരുന്നത്. വാടക തീരെ കുറവായതിനാല്‍ ഉടമയാണ് കെട്ടിടം ഒഴിയണമെന്നാവശ്യം മുന്നോട്ടുവെച്ചത്.
അധികൃതരുടെ അനാസ്ഥകാരണം സ്ഥാപനം മുക്കത്തിന് നഷ്ടമാവുമെന്ന അവസ്ഥയാണ്. 2 മാസം മുന്‍പ് മണാശ്ശേരിയിലും ഒരു ന്യായവില ഷോപ്പ് അടച്ചു പൂട്ടിയിരുന്നു.
















