മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് വന്ന രണ്ട് പുതിയ ടീമുകള്‍ക്ക് മാത്രമായി നടന്ന താരലേലത്തില്‍ ഇന്ത്യന്‍ ഏകദിന, ട്വന്റി 20 നായകന്‍ മഹേന്ദ്രസിങ് ധോണിയെ പൂനെ ഫ്രാഞ്ചൈസി സ്വന്തമാക്കി. ആദ്യ വിളിക്കുള്ള അവസരം ലഭിച്ച പൂനെ 12.5 കോടി രൂപക്കാണ് ധോണിയെ സ്വന്തമാക്കിയത്. രണ്ടാംവിളിക്കുള്ള അവസരം ലഭിച്ച രാജ്‌കോട്ട് ഫ്രാഞ്ചൈസി ഇതേ തുകയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്‌നയെയും സ്വന്തമാക്കി.
ധോനിയെക്കൂടാതെ അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, ഡൂപ്ലസി, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയും പൂനെ സ്വന്തമാക്കിയപ്പോള്‍ റെയ്‌നയെക്കൂടാതെ രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരെ രാജ്‌കോട്ടും ലേലം വിളിച്ചെടുത്തു.
ആദ്യറൗണ്ടില്‍ സ്വന്തമാക്കുന്ന കളിക്കാരന് 12.5 കോടി രൂപയാണ് പ്രതിഫലം. രണ്ടാമതു തിരഞ്ഞെടുക്കപ്പെടുന്ന താരത്തിന് 9.5 കോടി രൂപയും മൂന്നാമത്തെ താരത്തിന് 7.5 കോടി രൂപയും നാലാമത്തെ താരത്തിന് 5.5 കോടി രൂപയും അഞ്ചാമത്തെ താരത്തിനു നാലു കോടി രൂപയും പ്രതിഫലം ലഭിക്കും. രാജ്യാന്തര അവസരം ലഭിച്ചിട്ടില്ലാത്ത താരങ്ങള്‍ക്ക് നാലു കോടി രൂപ വീതമാണ് പ്രതിഫലം നിശ്ചയിച്ചത്.
ഇതുപ്രകാരം എം.എസ്. ധോണിക്ക് പുറമെ 9.5 കോടിക്ക് രഹാനയെയും 7.5 കോടിക്ക് ആര്‍. അശ്വിനെയും 5.5 കോടിക്ക് സ്റ്റീവന്‍ സ്മിത്തിനെയും 4 കോടിക്ക് ഡുപ്ലെസിസിനെയും പൂനെ ഫ്രാഞ്ചൈസി സ്വന്തമാക്കി.
രാജ്‌കോട്ട് ഫ്രാഞ്ചൈസി റെയ്‌നക്ക് പുറമെ ഒമ്പതരക്കോടിക്ക് രവീന്ദ്ര ജഡേജ, 7.5 കോടിക്ക് ബ്രണ്ടന്‍ മക്കല്ലം, അഞ്ചരകോടിക്ക് ജെയിംസ് ഫോക്‌നര്‍, നാല് കോടിരൂപക്ക് ഡ്വയ്ന്‍ ബ്രാവോ എന്നിവരെയും സ്വന്തം നിരയിലെത്തിച്ചു.
ആകെ 50 താരങ്ങളില്‍ നിന്നാണ് ഇരു ടീമുകളും അഞ്ച് താരങ്ങളെ വീതം സ്വന്തമാക്കിയത്. 40 കോടി മുതല്‍ 66 കോടി രൂപ വരെ ചിലവഴിക്കാനാണ് ടീമുകള്‍ക്ക് അനുമതി നല്‍കിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ബാക്കിവന്ന താരങ്ങളെ ഫെബ്രുവരിയില്‍ നടക്കുന്ന താരലേലത്തില്‍ ഉള്‍പ്പെടുത്തും. മറ്റു ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ഈ മാസം 15 മുതല്‍ 31 വരെ ടീമുകള്‍ക്കു സമയം അനുവദിച്ചിട്ടുണ്ട്.
ഐപിഎല്ലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളിലെ താരങ്ങളാണ് ഇന്നലെ ലേലം ചെയ്യപ്പെട്ടത്. സഞ്ജീവ് ഗോയങ്കയുടെ ന്യൂ റൈസിങ്ങാണ് പൂനെയുടെ ഉടമ. ഇന്റക്‌സ് ഗ്രൂപ്പാണ് രാജ്‌കോട്ടിന് പിന്നില്‍. ഐപിഎല്‍ കോഴവിവാദത്തില്‍ ഉടമകള്‍ ഉള്‍പ്പെട്ടതോടെയാണ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ഐപിഎല്ലില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഈ രണ്ട് വര്‍ഷത്തേക്കാണ് പൂനെയും രാജ്‌കോട്ടും ഐപിഎല്ലില്‍ കളിക്കുക.
















