ഫട്ടോര്‍ദ: ആദ്യപാദത്തില്‍ നേടിയ ഒരു ഗോള്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ദല്‍ഹി ഡൈനാമോസ് ഇന്ന് എഫ്‌സി ഗോവക്കെതിരായ രണ്ടാം പാദ സെമിക്കിറങ്ങുന്നു. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തക്ക് എതിരാളികള്‍ ചെന്നൈയിന്‍ എഫ്‌സി.
ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ റോബിന്‍ സിങ് നേടിയ ഏക ഗോളിനാണ് ദല്‍ഹി വിജയിച്ചത്. പ്രാഥമിക റൗണ്ടിലെ രണ്ട് മത്സരങ്ങളും എഫ്‌സി ഗോവയോട് പരാജയപ്പെട്ട ദല്‍ഹിയുടെ ശക്തമായ തിരിച്ചുവരവിനാണ് ആദ്യ പാദ സെമി സാക്ഷ്യം വഹിച്ചത്. ഇന്നത്തെ മത്സരം സമനിലയില്‍ കലാശിച്ചാലും ദല്‍ഹിക്ക് ആദ്യമായി ഫൈനലില്‍ ഇടംപിടിക്കാം. ഇന്ന് ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ 2-0ന് ജയിച്ചാല്‍ എഫ്‌സി ഗോവക്ക് ഫൈനലില്‍ പ്രവേശിക്കാം. മറിച്ച് 1-0ന് ജയിക്കുന്നതെങ്കില്‍ മത്സരം അധികസമയത്തേക്ക് നീളും. അധികസമയത്തും കൂടുതല്‍ ഗോളുകള്‍ പിറന്നില്ലെങ്കില്‍ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങും. കഴിഞ്ഞ വര്‍ഷം എഫ്‌സി ഗോവ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെട്ടാണ് ഫൈനല്‍ കാണാതെ പുറത്തായത്.
എന്നാല്‍ പ്രമുഖ താരങ്ങളുടെ പരിക്കാണ് ഗോവയെ അലട്ടുന്നത്. റെയ്‌നാള്‍ഡോ, രാജു ഗെയ്‌ക്ക്‌വാദ് എന്നീ പ്രമുഖര്‍ ഇന്ന് കളത്തിലുണ്ടാവില്ല എന്നത് സീക്കോക്കും കൂട്ടര്‍ക്കും തിരിച്ചടിയാവുമെന്ന് ഉറപ്പ്. എന്നാല്‍ മറ്റൊരു ബ്രസീലിയന്‍ താരമായ റാഫേല്‍ കൊയല്‍ഹോ ഇന്ന് കളിച്ചേക്കുമെന്നാണ് കോച്ച് സീക്കോ നല്‍കുന്ന സൂചന. ദല്‍ഹിക്ക് പരിക്കിന്റെ പ്രശ്‌നങ്ങളൊന്നുമില്ല. പ്രമുഖതാരങ്ങളാ ഫ്‌ളോറന്റ് മലൂദ, ഗുസ്താവോ, റിച്ചാര്‍ഡ് ഗാഡ്‌സെ, ആദില്‍ നബി, റോബിന്‍ സിങ് എന്നിവരെല്ലാം ഇന്നത്തെ നിര്‍ണായക മത്സരത്തിനായി പൂര്‍ണ്ണ സജ്ജരുമാണ്.
എന്തായാലും വിജയത്തില്‍ കുറഞ്ഞതൊന്നും എഫ്‌സി ഗോവയുടെ ഫൈനലിലേക്കുള്ള വഴി തുറക്കില്ലെന്ന തിരിച്ചറിവോടെ ലൂസിയോയും കൂട്ടരും ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നതോടെ ആവേശപ്പോരാട്ടത്തിനായിരിക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.
















