ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം തോല്‍വി. മൂന്നാം മത്സരത്തില്‍ ഝാര്‍ഖണ്ഡിനോട് അഞ്ചു വിക്കറ്റിന് കീഴടങ്ങി കേരളം. കേരളമുയര്‍ത്തിയ 236 റണ്‍സ് മൂന്നോവര്‍ ബാക്കിയിരിക്കെ ഝാര്‍ഖണ്ഡ് മറികടന്നു. വിക്കറ്റ് കീപ്പറായി ഇറങ്ങിയ ഇന്ത്യന്‍ ഏകദിന ടീം നായകന്‍ എംഎസ്. ധോണി 18 റണ്‍സെടുത്തു. വരുണ്‍ ആറോണാണ് ഝാര്‍ഖണ്ഡിനെ നയിക്കുന്നത്. സ്‌കോര്‍: കേരളം – 236/8 (50), ഝാര്‍ഖണ്ഡ് – 240/5 (47).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നായകന്‍ സച്ചിന്‍ ബേബിയുടെയും (61), ഓപ്പണര്‍ വി.എ. ജഗദീഷിന്റെയും അര്‍ധശതകങ്ങളാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. പി. പ്രശാന്ത് (34 നോട്ടൗട്ട്), സഞ്ജു സാംസണ്‍ (18), മോഹന്‍ അക്ഷയ (12), രോഹന്‍ പ്രേം (10) എന്നിവരും രണ്ടക്കം കണ്ടു. ഝാര്‍ഖണ്ഡിനായി രാഹുല്‍ ശുക്ല മൂന്നു വിക്കറ്റെടുത്തു. വരുണ്‍ ആറോണ്‍, ജസ്‌കരന്‍ സിങ്, അങ്കിത് ദബാസ്, സയിദ് നദീം എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
തുടക്കത്തില്‍ പതറിയെങ്കിലും സൗരഭ് തിവാരിയുടെ (87 നോട്ടൗട്ട്) പോരാട്ടം ഝാര്‍ഖണ്ഡിന് ജയം സമ്മാനിച്ചു. കൗശല്‍ സിങ് (48), ആനന്ദ് സിങ് (27), കുമാര്‍ ദിയോബര്‍ത് (20), എം.എസ്. ധോണി (18), അങ്കിത് ദബാസ് (18) എന്നിവരും പിന്തുണ നല്‍കി.
കേരളത്തിനായി സന്ദീപ് വാര്യര്‍, എന്‍. നിയാസ്, പി. പ്രശാന്ത്, ഫാബിദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ധോണിയെ ഫാബിദ് അഹമ്മദ് സ്വന്തം ബൗളിങ്ങില്‍ പിടിച്ചു പുറത്താക്കി.
ആദ്യ കളി തോറ്റ കേരളം, കഴിഞ്ഞ മത്സരത്തില്‍ ജയിച്ചിരുന്നു. ഇന്ന് ജമ്മു കശ്മീരുമായി അടുത്ത പോരാട്ടം.
















