കറാച്ചി: ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ത്യ അനുമതി നല്‍കാത്തതിനുള്ള പ്രതിഷേധമായി ഇന്ത്യയില്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ട്വന്റി20 ലോകകപ്പ് ബഹിഷ്ക്കരിക്കാനുള്ള ആലോചനകള്‍ക്കെതിരെ പാക്കിസ്ഥാന് മുന്‍ നായകന് വസീം അക്രം. ബഹിഷ്ക്കരണമെന്ന സമീപനത്തെക്കുറിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഗൗരവമായി പുനരാലോചിക്കണമെന്നും അക്രം ആവശ്യപ്പെട്ടു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് ലോകകപ്പ്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍.
ഇന്ത്യ-പാക് പരമ്പരയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ ആലോചനകള്‍ക്ക് ദൈര്‍ഘ്യമേറെയാണ്. ഇക്കാര്യത്തില്‍ ബിസിസിഐ എത്രയും വേഗം നിലപാട് വ്യക്തമാക്കണം. അതിനു മറുപടിയായി ട്വന്റി20 ലോകകപ്പ് ബഹിഷ്കരിച്ച് പ്രതിഷേധം പ്രകടിപ്പിക്കാം. എന്നാല്‍, പാക്കിസ്ഥാനെ ബാധിക്കും. ഭാവിയില്‍ അതു തിരിച്ചടിയുമാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പരമ്പരകള്‍ ആവശ്യമെന്നും അക്രം പറഞ്ഞു. കറാച്ചിയില്‍ ഒരു ചടങ്ങിനിടെയാണ് പാക് മുന്‍ നായകന്റെ നിര്‍ദേശം. ഇന്ത്യ-പാക് പരമ്പരയ്ക്ക് കലണ്ടര്‍ വേണമെന്ന് ചടങ്ങില്‍ പങ്കെടുത്ത മുന്‍ നായകന് യൂനിസ് ഖാനും ആവശ്യപ്പെട്ടു.
















