മുംബൈ: സ്പിന്‍ പിച്ചുകളൊരുക്കുന്നുവെന്ന വിമര്‍ശനത്തിനെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ടെസ്റ്റ് മത്സരങ്ങള്‍ക്കായി ബാറ്റിങ്, പേസ് പിച്ചുകളും ഒരുക്കാറുണ്ട്. അങ്ങനെയെങ്കില്‍, സ്പിന്‍ പിച്ച് ഒരുക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് ബിസിസിഐ ചോദിച്ചു.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി നാഗ്പ്പൂരില്‍ ഒരുക്കിയ പിച്ച് അങ്ങേയറ്റം മോശമായിരുന്നെന്ന മാച്ച് റഫറി ജെഫ് ക്രോയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയുടെ നടപടി.
നാഗ്പൂര്‍ ടെസ്റ്റിന് മോശം പിച്ചാണ് ഒരുക്കിയതെന്ന് മാച്ച് റഫറി ജെഫ് ക്രോ ഐസിസിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐയോട് ഐസിസി വിശദീകരണം തേടി. രണ്ടാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കാനായിരുന്നു ആവശ്യം. ഇതനുസരിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്പിന്‍ പിച്ചുകള്‍ക്കെന്താണ് പ്രശ്‌നമെന്ന് ബിസിസിഐ ആരാഞ്ഞിട്ടുള്ളത്. നാഗ്പ്പൂരില്‍ 124 റണ്‍സിന് ജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. മത്സരത്തില്‍ ആദ്യ ദിനം മുതല്‍ പിച്ച് തിരിഞ്ഞുതുടങ്ങിയിരുന്നു.
ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും സഹായിക്കുന്ന രീതിയില്‍ പിച്ച് ഒരുക്കാറുണ്ടെന്നു ചൂണ്ടിക്കാട്ടിയ ബിസിസിഐ അതുപോലെയാണ് സ്പിന്‍ പിച്ചെന്നും വ്യക്തമാക്കുന്നു. ആദ്യ ദിനം മുതല്‍ സ്പിന്നര്‍മാരെ തുണച്ചാല്‍ അത് മോശമാകുമോയെന്ന് വ്യക്തമാക്കണമെന്നും ബോര്‍ഡ് മറുപടിക്കത്തില്‍ ആവശ്യപ്പെടുന്നു. ബാറ്റും ബോളും തമ്മില്‍ സ്പിന്‍ വിക്കറ്റില്‍ പോരാട്ടം നടന്നാല്‍ എന്താണ് പ്രശ്‌നം? പേസ് ബൗളര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ മാത്രമേ മത്സരം നടക്കാവൂ എന്നുണ്ടോ? ക്രിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്കും നിര്‍ണായക പങ്കുണ്ട്.
പന്ത് കൂടുതല്‍ തിരിയുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങളില്‍ കഴമ്പില്ല. അത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാങ്കേതികത്തികവില്ലാത്തതിന്റെ പ്രശ്‌നമാണ്. അനിയന്ത്രിതമായ രീതിയില്‍ കുത്തിത്തിരിഞ്ഞ ഒരു പന്തുപോലും ഈ മല്‍സരത്തില്‍ പിറന്നിട്ടില്ല- ബിസിസിഐ വിശദീകരിക്കുന്നു.
മൂന്നു ദിവസത്തിനകം മത്സരം അവസാനിച്ചതാണ് പ്രശ്‌നമെങ്കില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തമ്മില്‍ അഡ്‌ലെയ്ഡില്‍ നടന്ന പ്രഥമ പകല്‍-രാത്രി ടെസ്റ്റ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നു. ഈ മത്സരവും മൂന്നു ദിവസം കൊണ്ട് അവസാനിച്ചു. പേസര്‍മാരെ അതിരറ്റ് സഹായിച്ചുവെന്ന് കരുതി ഈ പിച്ചും മോശമെന്ന് പറയാനാകുമോയെന്നും ബിസിസിഐ കത്തില്‍ ചോദിക്കുന്നു.
















