ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് നാണംകെട്ടു. ഇന്നിംഗ്‌സിനും 212 റണ്‍സിനുമാണ് വിന്‍ഡീസ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ കംഗാരുകരുത്തിന് മുന്നില്‍ കീഴടങ്ങിയത്. മൂന്നു ദിവസത്തില്‍ താഴെ മാത്രമാണ് ടെസ്റ്റ് നടന്നത്. ഇന്നലെ മാത്രം 14 വിക്കറ്റുകളാണ് വീണത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പാറ്റിന്‍സണിന്റെയും മൂന്നെണ്ണം പിഴുത ഹെയ്‌സല്‍വുഡിന്റെയും കനത്ത ബൗളിങാണ് വിന്‍ഡീസിനെ ഇന്നിങ്‌സ് പരാജയത്തിലേക്ക് തള്ളിവിട്ടത്.
ഓസീസ് ഒന്നാം ഇന്നിങ്‌സ് സ്‌കോറായ നാലിന് 583 റണ്‍സിനെതിരെ വിന്‍ഡീസ് ആദ്യ ഇന്നിങ്‌സ് 223ന് അവസാനിച്ചു. ഇതോടെ ഒന്നാമിന്നിങ്‌സില്‍ 360 റണ്‍സിന്റെ ലീഡ് കംഗാരുക്കള്‍ക്ക്. തുടര്‍ന്ന് വിന്‍ഡീസിനെ ഫോളോഒാണിന് അയച്ച ഓസീസ് ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്‌സില്‍ സന്ദര്‍ശകരെ 148 റണ്‍സിന് എറിഞ്ഞിട്ടു.
ഇന്നലെ ആറിന് 207 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച വിന്‍ഡീസിന് ഇന്നലെ അഞ്ച് ഓവര്‍ കൂടി മാത്രമാണ് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞത്. 94 റണ്‍സോടെ ക്രീസിലുണ്ടായിരുന്ന ഡാരന്‍ ബ്രാവോ സെഞ്ചുറി നേടിയത് മാത്രമാണ് വിന്‍ഡീസിനു സന്തോഷിക്കാനുള്ളത്. ബ്രാവോ 108 റണ്‍സ് നേടി അവസാനം പുറത്തായി. രണ്ടാം ദിനം ബ്രാവോയ്‌ക്ക് ഒപ്പം പൊരുതി നിന്ന കെമര്‍ റോച്ച് 31 റണ്‍സിനു പുറത്തായി. അവസാന ബാറ്റ്‌സ്മാനായ ഗബ്രിയേല്‍ അസുഖം കാരണം രണ്ടിന്നിങ്‌സിലും ബാറ്റിങ്ങിനായി ക്രീസിലെത്തിയതുമില്ല. നാല് വിക്കറ്റ് നേടിയ ജോഷ് ഹേസില്‍വുഡും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നഥാന്‍ ലയോണു രണ്ടെണ്ണം സ്വന്തമാക്കിയ പീറ്റര്‍ സിഡിലുമാണ് വിന്‍ഡീസിനെ തകര്‍ത്തത്.
തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സിലും കാത്തിരുന്നത് കൂട്ടത്തകര്‍ച്ച. ഓപ്പണര്‍ ക്രെയ്ഗ് ബ്രാത്‌വൈറ്റ് (94) മാത്രമാണ് പൊരുതി നിന്നത്. മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 17 റണ്‍സെടത്ത ജാസണ്‍ ഹോള്‍ഡര്‍, 12 റണ്‍സ്‌നേടിയ ജെറോം ടെയ്‌ലര്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. 27 റണ്‍സിനു അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജയിംസ് പാറ്റിന്‍സണ്‍ ആണ് വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സിലെ അന്തകന്‍. ഹേസില്‍വുഡ് 33 റണ്‍സിന്മൂന്ന് വിക്കറ്റ് നേടി.
ആഡം വോഗ്‌സിന്റെ അതിവേഗ ഇരട്ട സെഞ്ചുറിയുടെയും കരുത്തുറ്റ പിന്തുണ നല്‍കി 182 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെയും കരുത്തിലാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 583 റണ്‍സെടുത്തത്. 269 റണ്‍സോടെ പുറത്താകാതെ നിന്ന വോജസാണ് കളിയിലെ കേമന്‍. ടെസ്റ്റിലെ ഏറ്റവും മികച്ച ആറാമത്തെയും നാലാം വിക്കറ്റിലെ ലോകറെക്കോര്‍ഡ് കൂട്ടുകെട്ടും സൃഷ്ടിച്ച വോഗ്‌സും മാര്‍ഷും ചേര്‍ന്ന് നേടിയ 449 റണ്‍സാണ് ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ ഡിസംബര്‍ 26ന് ആരംഭിക്കും.
















