ന്യൂദല്‍ഹി: ടെന്നീസിലെ ക്ലാസിക് അങ്കം നേരിട്ടു കാണാനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ ടെന്നീസ് പ്രേമികള്‍. ടെന്നീസ് ഇതിഹാസങ്ങള്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് 12ന് ദല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിന്റെ (ഐപിടിഎല്‍) ഭാഗമായാണ് ഇതിഹാസങ്ങളുടെ നേരങ്കം. യുഎഇ റോയല്‍സിനായി ഫെഡറര്‍ ഇറങ്ങുമ്പോള്‍, നദാല്‍ ആതിഥേയ ടീം ഇന്ത്യന്‍ എയ്സിന്റെ ഭാഗം.
അതേസമയം, ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിന്റെ കളി നേരില്‍ കാണാമെന്ന ആവേശം നിരാശയ്ക്ക് വഴിമാറി. സിംഗപ്പൂര്‍ സ്ലാമ്മേഴ്സില് അംഗമായ നൊവാക് ദല്‍ഹിയിലേക്കു വരുന്നില്ല.
പതിറ്റാണ്ടിനിടെ ഗ്രാന്ഡ്സ്ലാമുകളൊന്നും നേടാത്ത വര്‍ഷത്തിലാണ് നദാല്‍ ഇന്ത്യന്‍ മണ്ണിലെത്തുന്നത്. ഫെഡററാകട്ടെ, യുഎസ്, വിംബ്ള്ഡണുകളുടെ ഫൈനലിലെങ്കിലുമെത്തി. ഇന്ത്യന്‍ എയ്സ്, യുഎഇ റോയല്‍സ്, സിംഗപ്പൂര്‍ സ്ലാമ്മേഴ്സ് ടീമുകള്‍ക്കു പുറമെ, ഫിലിപ്പീന്‍സ് മാര്വിക്സ്, ജപ്പാന് വാരിയേഴ്സ് ടീമുകളും ലീഗിന്റെ ഭാഗം.
കോബെയ്ക്കും മനിലയ്ക്കു ശേഷമാണ് ഐപിടിഎല്‍ ദല്‍ഹിയിലെത്തുന്നത്. ടീമുകളുള്ള നഗരങ്ങളിലാണ് മത്സരം. ഇന്നു മുതല്‍ 12 വരെയാണ് ദല്‍ഹിയില്‍ മത്സരം. ഒരു ദിവസം രണ്ടു കളി, വൈകിട്ട് നാലിനും രാത്രി ഏഴരയ്ക്കും. 10ന് ആദ്യ കളിയില്‍ ജപ്പാനും യുഎഇയും മുഖാമുഖമെത്തും. രണ്ടാമത്തേത് ഇന്ത്യന്‍ എയ്സും മാര്വിക്സും തമ്മില്‍. 11ന് മാര്വിക്സ്-സ്ലാമ്മേഴ്സ്, ഇന്ത്യന്‍ എയ്സ്-ജപ്പാന് വാരിയേഴ്സ് മത്സരങ്ങള്‍. 12ന് ആദ്യ മത്സരത്തില്‍ ജപ്പാന് വാരിയേഴ്സും സിംഗപ്പൂര്‍ സ്ലാമ്മേഴ്സും ഏറ്റുമുട്ടും. രണ്ടാമത്തേതില്‍ ഇന്ത്യന്‍ എയ്സ്, യുഎഇ റോയല്‍സിനെ നേരിടും.
കെയ് നിഷികോരി, ലിയാന്‍ഡര്‍ പേസ്, മരിയ ഷറപ്പോവ, ഫിലിപ്പ് കോള്സ്ക്രൈബര്, മാരത് സാഫിന്, ഗെയ്ല് മോണ്‍ഫില്‍സ്, സാമന്ത സോസ്റ്റര്‍, സാനിയ മിര്‍സ, രോഹന് ബൊപ്പണ്ണ, അന ഇവാനോവിച്ച്, മരിയന്‍ സിലിച്ച്, തോമസ് ബെര്‍ഡിച്ച്, ആന്‍ഡി മുറെ, സ്്റ്റാനിസ്ലസ് വാവ്റിങ്ക, കാര്‍ലോസ് മോയ, സെറീന വില്യംസ്, മിലോസ് റാവോനിക്, മാര്‍ക് ഫിലിപ്പോസിസ്, റിച്ചാര്‍ഡ് ഗാസ്ക്വെറ്റ് തുടങ്ങിയ താരങ്ങള്‍ ദല്‍ഹിയിലെത്തും.
ദല്‍ഹിക്കു ശേഷം 14 മുതല്‍ 16 വരെ ദുബായിയിലും, 18 മുതല്‍ 19 വരെ സിംഗപ്പൂരിലും പ്രാഥമിക റൗണ്ട് തുടരും. 20ന് സിംഗപ്പൂരില്‍ ഫൈനല്‍.
















