ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നോക്കൗട്ടിലെത്താതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ വോള്‍ഫ്സ്ബര്‍ഗിനോട് തോറ്റ് (3-2) മടങ്ങി യുണൈറ്റഡ്. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാലു ഗോള്‍ മികവില്‍ മാല്‍മോയെ മടക്കമില്ലാത്ത എട്ടു ഗോളിന് തകര്‍ത്ത് റയല്‍ ഗ്രൂപ്പ് ജേതാക്കളായി.
ജയിച്ചാല്‍ നോക്കൗട്ട് ഉറപ്പായിരുന്ന യുണൈറ്റഡിന് വോള്‍ഫ്സ്ബര്‍ഗിന്റെ തട്ടകത്തില്‍ പിഴച്ചു. പത്താം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിന്റെ ഗോളില്‍ മാഞ്ചസ്റ്റര്‍ സംഘം മുന്നിലുമെത്തി. എന്നാല്‍, നാല്ദോയുടെ ഇരട്ട ഗോളുകള്‍ യുണൈറ്റഡിന്റെ പ്രതീക്ഷ കെടുത്തി. 13, 84 മിനിറ്റുകളില്‍ നാല്ദോ ലക്ഷ്യം കണ്ടു. മറ്റൊരു ഗോള്‍ വെയ്റിഞ്ഞയുടെ ബൂട്ടില്‍നിന്ന്. മാഞ്ചസ്റ്ററിന്റെ രണ്ടാം ഗോള്‍ ഗ്വിലവൊഗുയിയുടെ സെല്‍ഫ് ഗോള്‍. ജയത്തോടെ 12 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജര്‍മന്‍ ടീം വോള്‍ഫ്സ് നോക്കൗട്ടില്‍ പ്രവേശിച്ചത്. ആദ്യമായാണ് ഇവര്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യവട്ടത്തിനപ്പുറം മുന്നേറുന്നത്.
ഗ്രൂപ്പില്‍നിന്ന് പിഎസ്വി ഐന്തോവനും പ്രീ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ സിഎസ്കെഎയെ 2-1ന് കീഴടക്കി 10 പോയിന്റുമായാണ് പിഎസ്വി നോക്കൗട്ടിലേക്ക് മുന്നേറിയത്. പിഎസ്വിക്കായി ഡി ജോങ്ങും, പ്രോപ്പറും ലക്ഷ്യം കണ്ടപ്പോള്‍, മോസ്കോയുടെ ആശ്വാസം ഇഗ്നഷെവിച്ച്.
ഗ്രൂപ്പ് എയില്‍ മാല്‍മോയെ ഗോളില്‍ മുക്കി റയല്‍ മാഡ്രിഡ്. എതിരില്ലാത്ത എട്ടു ഗോളിന് റയലിന്റെ ജയം. നാലു ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ 88 ഗോളോടെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനുമായി. ചാമ്പ്യന്‍സ് ലീഗില്‍ നാലു ഗോള്‍ നേടുന്ന ആദ്യ റയല്‍ താരവുമായി ക്രിസ്റ്റ്യാനോ. 23 അവസരങ്ങള്‍ക്കു ശേഷം ഫ്രീ കിക്കിലൂടെയും പോര്‍ച്ചുഗീസ് താരം ലക്ഷ്യം കണ്ടുവെന്നതും ശ്രദ്ധേയം. ഇത്തവണ 11 ഗോളുമായി മുന്നിലാണ് താരം. 39, 47, 50, 58 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തു. ഹാട്രിക് നേടിയ കരീം ബെന്‍സമയും മാറ്റിയോ കൊവാചിച്ചും റയല്‍ വിജയത്തില്‍ തിളങ്ങി. 12, 24, 74 മിനിറ്റുകളില്‍ ബെന്‍സമ ലക്ഷ്യം കണ്ടപ്പോള്‍, 70ാം മിനിറ്റില്‍ കൊവാച്ചിച്ചിന്റെ ഗോള്‍. 16 പോയിന്റോടെയാണ് റയല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ഷാക്തര്‍ ഡോണെറ്റ്സ്കിനെ 2-0ന് കീഴടക്കിയ പാരീസ് സെന്റ് ജര്‍മന്‍ 13 പോയിന്റോടെ രണ്ടാമത്. നേരത്തെ തന്നെ നോക്കൗട്ട് ഉറപ്പിച്ച ടീമുകള്‍ക്ക് അവസാന മത്സരം ഗ്രൂപ്പിലെ സ്ഥാനങ്ങള്‍ക്കായി മാത്രം. ഷാക്തറിനെതിരെ പിഎസ്ജിക്കായി ലൂക്കാസും സ്ലാട്ടണ് ഇബ്രാഹിമോവിച്ചും ലക്ഷ്യം കണ്ടു.
ഗ്രൂപ്പ് സിയില്‍ ബെനഫിക്കയെ 2-1ന് കീഴടക്കി അത്ലറ്റികോ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. അത്ലറ്റികോയ്ക്ക് 13, ബെനഫിക്കയ്ക്ക് പത്ത് പോയിന്റ്. ഇരു ടീമുകളും നേരത്തെ നോക്കൗട്ട് ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പിലെ സ്ഥാനങ്ങളില്‍ കവിഞ്ഞ് മത്സരത്തിന് പ്രസക്തിയുണ്ടായിരുന്നില്ല. സൗള്‍, ലൂസിയാനോ വെയ്റ്റോ എന്നിവരാണ് അത്ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടത്. കൊണ്‍സ്റ്റന്റിനോസ്‍ മിട്രൊഗ്ലൗ ബെനഫിക്കയുടെ ആശ്വാസം.
ഗ്രൂപ്പ് ഡിയില്‍നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും, യുവന്റസും ആദ്യ രണ്ടു സ്ഥാനക്കാരായി നോക്കൗട്ടില്‍. അവസാന മത്സരത്തില്‍ ബൊറൂസിയ മോണ്‍ ചെംഗ്ലാദ്ബാക്കിനെ 4-2ന് കീഴടക്കിയാണ് സിറ്റി തലപ്പത്തെത്തിയത്. സെവിയ്യയോട് തോറ്റത് യുവന്റസിനു തിരിച്ചടിയായി. സിറ്റിക്ക് 12, യുവന്റസിന് 11 പോയിന്റ്.
പ്രീമിയര്‍ ലീഗിലെ തിരിച്ചടി ചാമ്പ്യന്‍സ് ലീഗില്‍ ബാധിച്ചില്ല സിറ്റിയെ. റഹിം സ്റ്റെര്‍ലിങ്ങിന്റെ ഇരട്ട ഗോളുകളാണ് സിറ്റിയെ മികച്ച ജയത്തിലേക്കു നയിച്ചത്. 79, 81 മിനിറ്റുകളില്‍ സ്റ്റെര്‍ലിങ് ലക്ഷ്യം കണ്ടു. ഡേവിഡ് സില്‍വ (16), വില്‍ഫ്രഡ് ബോണി (85) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. കോര്‍ബ്, റാഫേല്‍ എന്നിവര്‍ ബൊറൂസിയയുടെ ആശ്വാസം. 65ാം മിനിറ്റില്‍ ലോറെന്റെ നേടിയ ഗോളിലാണ് യുവന്റസിനെ സെവിയ്യ മറികടന്നത്.
















