കോഴിക്കോട്: ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി പാലക്കാട് പറളി സ്കൂളിന്റെ എന്‍. അനസും ഉഷ സ്കൂളിന്റെ അബിത മേരി മാനുവലും.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 15.01 മീറ്റര്‍ ചാടിയാണ് അനസ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2010-ല്‍ കല്ലടി സ്കൂൡന്റെ സഫീര്‍. ടി സ്ഥാപിച്ച 14.44 മീറ്ററിന്റെ റെക്കോര്‍ഡാണ് അനസിന് മുന്നില്‍ ഇന്നലെ വഴിമാറിയത്. 2007-ല്‍ ധിര മിശ്ര സ്ഥാപിച്ച 14.89 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡിനെയും മറകടന്ന പ്രകടനമാണ് അനസ് ഇന്നലെ ജമ്പിങ്ങ്പിറ്റില്‍ നടത്തിയത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ പതിനഞ്ച് മീറ്റര്‍ പിന്നിടുന്ന ഇന്ത്യയിലെ ആദ്യ താരംകൂടിയാണ് അനസ്. അനസിനെ മുന്‍ ലോങ്ജമ്പ് താരമായ അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തി അഭിനന്ദിച്ചു. ഈയിനത്തിലെ വെള്ളിയും വെങ്കലവും പാലക്കാടിന് സ്വന്തം. 13.77 മീറ്റര്‍ ചാടി പറളി സ്കൂളിലെ സഹപാഠിയും കൂട്ടുകാരനുമായ എ. അജിത്ത് വെള്ളി നേടിയപ്പോള്‍ 13.72 മീറ്റര്‍ ചാടി മുണ്ടൂര്‍ എച്ച്എസിന്റെ നിതിന്‍. എം വെങ്കലവും സ്വന്തമാക്കി. മനോജ് മാസ്റ്ററുടെ കീഴിലാണ് അനസ് പരിശീലനം നടത്തുന്നത്.
സീനിയര്‍ 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി ഉഷ സ്കൂളിന്റെ അബിത മേരി മാനുവല്‍. ഇന്നലെ രണ്ട് മിനിറ്റ് 07.77 സെക്കന്റില്‍ ഫിനിഷ് ലൈന്‍ അബിത കടന്നെങ്കിലും മീറ്റ് റെക്കോര്‍ഡ് വഴിമാറിയില്ല. എന്നാല്‍ 2009-ല്‍ ചിഞ്ചു ജോസ് സ്ഥാപിച്ച 2 മിനിറ്റ് 09.14 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയമാണ് ഇന്നലെ അബിത രേഖപ്പെടുത്തിയത്.
ഉഷ സ്കൂളിന്റെ തന്നെ ജെസ്സി ജോസഫ് 2013-ല്‍ സ്ഥാപിച്ച 2:07.01 സെക്കന്റാണ് മീറ്റ് റെക്കോര്‍ഡ്. അബിതയുടെ ഓട്ടം നടക്കുമ്പോള്‍ പ്രോത്സാഹനവുമായി ഒളിമ്പ്യന്‍ ടിന്റു ലൂക്കയും മൈതാനത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം 1500 മീറ്ററില്‍ റെക്കോര്‍ഡോടെ പൊന്നണിഞ്ഞ അബിത ഇരട്ട സ്വര്‍ണ്ണത്തിനും അര്‍ഹയായി.
3000 മീറ്ററില്‍ പൊന്നണിഞ്ഞ കല്ലടി സ്കൂള്‍ താരം സി. ബബിതയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അബിത ഒന്നാമതെത്തിയത്. 2:12.03 സെക്കന്റാണ് ബബിതയുടെ സമയം. തിരുവന്തപുരം സായിയിലെ അന്‍സ ബാബു 2:12.75 സെക്കന്റില്‍ വെങ്കലം നേടി.
















