കോഴിക്കോട്: ലോങ്ജമ്പിലെ സ്വര്‍ണ്ണനേട്ടത്തിന് പിന്നാലെ ട്രിപ്പിള്‍ജമ്പിലും സ്വര്‍ണ്ണം നേടി ആല്‍ഫി ഇരട്ട സ്വര്‍ണ്ണം തികച്ചു. സായി താരങ്ങള്‍ തമ്മില്‍ പോരാടിയ സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ആല്‍ഫിയുടെ കുതിപ്പ് നിലവിലെ റെക്കോര്‍ഡിന് ഭീഷണിയായെങ്കിലും തിരുത്തിയെഴുതാന്‍ സാധിച്ചില്ല. ട്രിപ്പിള്‍ജമ്പില്‍ 12.25 ദൂരം താണ്ടിയാണ് ആല്‍ഫി സ്വര്‍ണം നേടിയത്. 12.78 ആണ് ഈയിനത്തില്‍ റെക്കോര്‍ഡ്. ആല്‍ഫിക്ക് തൊട്ടുപിന്നില്‍ 12.17 മീറ്റര്‍ ചാടിയ തൃശൂരിന്റെ രുഗ്മ ഉദയന്‍ വെള്ളി നേടി.
ആദ്യറൗണ്ട് മുതല്‍ ആല്‍ഫിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ രുഗ്മ ആല്‍ഫിക്ക് മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഫൈനല്‍ റൗണ്ടില്‍ ആദ്യചാട്ടത്തില്‍ ആല്‍ഫിക്ക് അല്പംകൂടി നില മെച്ചപ്പെടുത്താനായെങ്കിലും അടുത്ത രണ്ട് ചാട്ടങ്ങളും ഫൗളായി. ലോങ്ജമ്പിലും രുഗ്മയാണ് ആല്‍ഫിക്ക് പിന്നില്‍ രണ്ടാമതെത്തിയത്. തിരുവനന്തപുരം സായിയുടെ താരമാണ് ആല്‍ഫി. രണ്ടിനങ്ങളില്‍ മത്സരിച്ച് രണ്ടിനങ്ങളിലും സ്വര്‍ണത്തോടെയാണ് ആല്‍ഫിയുടെ മടക്കം. കോട്ടയം മുട്ടച്ചിറ മോതിരംപറമ്പില്‍ ലൂക്കോസിന്റെയും സോളിയുടെയും മകളാണ് ആല്‍ഫി.
















