കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എറണാകുളം കീരിടത്തോടടുക്കുന്നു. മൂന്നു ദിവസങ്ങളിലായി 73 ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 20 സ്വര്‍ണ്ണവും 23 വെള്ളിയും 15 വെങ്കലവുമടക്കം 198 പോയിന്റുമായാണ് എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നത്. എറണാകുളത്തിന് കനത്ത വെല്ലുവിളിയുമായി പാലക്കാട് രണ്ടാം സ്ഥാനത്ത്. 17 സ്വര്‍ണ്ണവും 18 വെള്ളിയും 14 വെങ്കലവുമടക്കം 166 പോയിന്റാണ് പാലക്കാടിനുള്ളത്.മൂന്നാമത് ആതിഥേയരായ കോഴിക്കോട്. 11 സ്വര്‍ണ്ണവും 6 വെള്ളിയും 8 വെങ്കലവുമടക്കം 90 പോയിന്റ്.
ചാമ്പ്യന്‍ സ്‌കൂളിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ ബഹുദൂരം പിന്തള്ളി കോതമംഗലത്തെ തന്നെ മാര്‍ബേസില്‍ സ്‌കൂള്‍ ഏറെ മുന്നിലെത്തി. 8 സ്വര്‍ണ്ണവും 9 വെള്ളിയും 7 വെങ്കലവുമടക്കം 74 പോയിന്റ് അവര്‍ നേടിയപ്പോള്‍ സെന്റ്‌ജോര്‍ജ് എച്ച്എസ്എസ് രണ്ട് സ്വര്‍ണ്ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 37 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാലക്കാട് ജില്ലയിലെ പറളി എച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന പറളിക്ക് 9 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും 6 വെങ്കലവുമടക്കം 66 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്ത് കല്ലടി സ്‌കൂളള്‍. നാല് സ്വര്‍ണ്ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 49 പോയിന്റ്.
മീറ്റിന്റെ മൂന്നാം ദിനവും റെക്കോര്‍ഡുകള്‍ക്ക് കുറവുണ്ടായില്ല. എട്ട് റെക്കോര്‍ഡുകളാണ് ഇന്നലെ പിറവിയെടുത്തത്. മീറ്റ് ഇന്ന് സമാപിക്കും. അവസാന ദിനമായ ഇന്ന് 200 മീറ്റര്‍, 4-400 മീറ്റര്‍ റിലേ ഉള്‍പ്പെടെ 22 ഫൈനലുകള്‍ അരങ്ങേറും.
















