ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 337 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ ഇന്ത്യയ്‌ക്ക് പരമ്പര നേട്ടം. ഇന്ത്യന്‍ വിജയത്തിന്റെ നെടും തൂണായി മാറിയ രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്. ആറ് വിക്കറ്റ് വീഴത്തി ദക്ഷിണാഫ്രിക്കന്‍ പതനത്തിന് കാരണമായ ആര്‍ അഴ്വിനാണ് പരമ്പരയിലെ താരം.
സ്‌കോര്‍– ഇന്ത്യ: 334&267/5ഡി
ദ.ആഫ്രിക്ക: 121&143 (143.1ഓവ.)
ദല്‍ഹി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 481 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 143 റണ്‍സിന് പുറത്താകുകയായിരുന്നു. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്നും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പരയിലെ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അശ്വിന്റെയും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഉമേശ് യാദവിന്റെയും പ്രകടനമാണ് നിര്‍ണായകമായത്. ജഡേജ രണ്ട് വിക്കറ്റെടുത്തു. പ്രതിരോധത്തിലൂന്നി കളിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഹാഷിം അംലയും എബി ഡിവില്ലേഴ്‌സുമാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്.
ഹാഷിം അംല 244 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ഡിവില്ലേഴ്‌സ് 297 പന്തില്‍ 43 റണ്‍സെടുത്തു. അംലയുടെ വിക്കറ്റ് ജഡേജയും ഡിവില്ലേഴ്‌സിന്റെ വിക്കറ്റ് അശ്വിനും വീഴ്‌ത്തി. അജിന്‍ക്യ രഹാനയുടെ പ്രകടനമാണ് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യയെ തുണച്ചത്.
2008ല്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ മൊഹാലിയില്‍ നേടിയ 320 റണ്‍സിന്റെ വിജയമാണ് ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.
















