കോഴിക്കോട്: സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ സ്പ്രിന്റില്‍ സ്വര്‍ണ്ണം നേടിയ അലന്‍ ചാര്‍ളി ചെറിയാന്‍ എത്തിയത് ആശുപത്രികിടക്കയില്‍ നിന്ന്. കഴിഞ്ഞദിവസം രാത്രിയില്‍ കടുത്ത ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അലനടക്കമുള്ള കൊല്ലത്ത് നിന്നുള്ള അഞ്ച് കായികതാരങ്ങളെയാണ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. ഭക്ഷ്യബാധയേറ്റതാണെന്ന് പരിശോധനയില്‍ കണ്ടത്തെി. അതിനെ തുടര്‍ന്ന് ഡ്രിപ്പും കര്‍ശനവിശ്രമവും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
രോഗികളെ കൊണ്ട് നിറഞ്ഞ ആശുപത്രിയില്‍ കിടക്കാന്‍ പോലുമുള്ള സൗകര്യമില്ലായിരുന്നു. വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അലനെ ഒന്ന് തളര്‍ത്തിയെങ്കിലും ആത്മവിശ്വാസം പകര്‍ന്ന് പരിശീലകനായ ഒളിമ്പ്യന്‍ അനില്‍കുമാര്‍ എത്തി. രാവിലെ ആരോഗ്യസ്ഥിതി പരിശോധിച്ച് മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അലനെ ഉപദേശിച്ചു.
രാവിലെയും ആരോഗ്യം മെച്ചപ്പെട്ടിരുന്നില്ല. ഡോക്ടര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയില്ലെങ്കിലും ഈ മത്സരം ഒഴിവാക്കാന്‍ അലനും പരിശീലകനും മനസ്സുവന്നില്ല. തുടര്‍ന്ന് എതിര്‍പ്പ് വകവെക്കായെത ഡ്രിപ്പിട്ട കാന്‍ഡിലയുമായി അലന്‍ 100 മീ. ഹീറ്റ്‌സില്‍ പങ്കെടുത്ത് ഫൈനലിലേക്ക് യോഗ്യത നേടി. അതിന് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന ഫൈനലില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനവും നേടി.
















