കോഴിക്കോട്: മൂന്ന് സ്കൂളുകളെ ചുറ്റിപ്പറ്റിയാണ് പാലക്കാട് ഇത്തവണ 2013-ല്‍ കൈവിട്ട ഓവറോള്‍ കിരീടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത്. പറളി, മുണ്ടൂര്‍, കല്ലടി എന്നീ സ്കൂളുകളുടെ കരുത്തിലാണ് ഇത്തവണ കോഴിക്കോട് മെഡിക്കല്‍കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ കൊടുങ്കാറ്റുവീശാനായി എത്തുന്നത്.
സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായിരുന്ന മുഹമ്മദ് അഫ്സലും വര്‍ഷയും സ്കൂളിന്റെ പടികടന്ന് പോയെങ്കിലും ഇവര്‍ക്ക് പിന്‍ഗാമികളായ നിരവധി താരങ്ങളെ തയ്യാറാക്കിയാണ് പറളിയുടെ പരിശീലകന് പി.ജി. മനോജ് ഇന്നലെ കോഴിക്കോട്ടെത്തിയത്. ദീര്‍ഘദൂര ഇനങ്ങളിലാണ് എന്നും പാലക്കാടിന്റെ കരുത്ത്. യൂത്ത് ഒളിമ്പ്യന്‍ നീന കെ.ടി (5000 മീറ്റര്‍ നടത്തം), ട്രിപ്പിള്‍ജമ്പില്‍ എന്‍. അനസും സ്പ്രിന്റിലും ലോഗ്ജമ്പിലും പി.ടി. അമലും 1500, 3000 ക്രോസ്കണ്ട്രി ട്രാക്കില്‍ കരുത്തായി പി.എന്‍. അജിതും അങ്ങനെ നിരവധിയാണ് മനോജ് മാഷിന്റെ ശിക്ഷണത്തില്‍ തേച്ചുമിനുക്കിയെടുത്ത കുട്ടിപ്പട്ടാളങ്ങള്‍. 18 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉള്‍പ്പടെ 33 അംഗ സംഘമാണ് കോഴിക്കോട്ടെ പുതിയ ട്രാക്കിലും ഫീല്‍ഡിലും സുവര്‍ണ താരകങ്ങളാകാന് പറളിയില്‍ നിന്നും എത്തുന്നത്.
നാല്പത്തിരണ്ട് അംഗ സംഘവുമായാണ് കല്ലടി സ്കൂള്‍ കോഴിക്കോട്ടെത്തിയിരിക്കുന്നത്. 23 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളും ഉള്‍പ്പെട്ട സംഘത്തെയാണ് പരിശീലകന് ജാഫര്‍ഖാന്‍ കഠിനപരിശീലനത്തിലൂടെ തയ്യാറാക്കിയിട്ടുള്ളത്. പാലക്കാട് റവന്യൂ ജില്ല കായിക മേളയില്‍ മികച്ച പ്രകടനം തന്നെ നടത്തിയാണ് വരവ്.
ദീര്‍ഘ ദൂര ഓട്ടത്തിലും ജമ്പിനങ്ങളിലും സ്പ്രിന്റിലും ശക്തമായ പോരാട്ടത്തിന് ഒരുങ്ങി തന്നെയാണ് കല്ലടി തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചത്. 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ കെ.ആര് ആതിര ഇത്തവണ കല്ലടിയുടെ ജേഴ്സിയില്‍ കോഴിക്കോട് ട്രാക്കിലിറങ്ങും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നെല്ലിപ്പൊയിലിലെ സെന്റ് ജോണ്‍സ് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ഈ അധ്യയന വര്‍ഷമാണ് കല്ലടി സ്കൂളിലേക്ക് ചേക്കേറിയത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മികച്ച താരങ്ങളെല്ലാം കല്ലടിയുടെ കീഴിലാണ് ഇത്തവണ സ്കൂള്‍ ട്രാക്കിലിറങ്ങുന്നത്. ആതിരക്ക് പുറമേ സി. ബബിത, സനല്‍ സ്കറിയ, മുഹമ്മദ് അനസ്, ശാന്തിനി, ഷംനാസ്, നിതാമോള്‍, അനസ്, അജ്മല്‍, എം.പി. അര്‍ച്ചന, നിവ്യ ആന്റണി, ഷാനി ഷാജി തുടങ്ങി വലിയൊരു താരനിര തന്നെ കല്ലടിക്കൊപ്പമുണ്ട്.
















