തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ അനിശ്ചിതമായി നീട്ടിവയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനീയറിംഗ് കോളജ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പരീക്ഷകള്‍ മാറ്റിവയ്‌ക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. പരീക്ഷ കഴിഞ്ഞാല്‍ മാത്രമേ അടുത്ത വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കാനാകൂ. കുട്ടികളും രക്ഷിതാക്കളും ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയില്‍ ആശങ്കാകുലരാണ്. രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍വകലാശാലയും അധ്യാപക വിദ്യാര്‍ഥി സംഘടനകളും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരീക്ഷ നടത്താനുള്ള നടപടിയുണ്ടാക്കണം. അസോസിയേഷന്‍ പ്രസിഡന്റ് കെ. ശശികുമാര്‍, വൈസ് പ്രസിഡന്റ് ഹരികുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ കെ.ജി. മധു, റോയ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















