ന്യൂദല്‍ഹി: ഗുജറാത്തിലെ ദ്വാരക ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ ആരോപണം രാജ്യസഭയില്‍ ബഹളത്തിന് കാരണമായി. ഷെല്‍ജ ക്ഷേത്രത്തില്‍ കയറിയതും സന്ദര്‍ശ ബുക്കില്‍ ക്ഷേത്രത്തെ പ്രശംസിച്ച് എഴുതിയ ലേഖനങ്ങളും കേന്ദ്രസര്‍ക്കാര്‍ സഭയില്‍ കാണിച്ചതോടെ ബഹളമുയര്‍ത്തി നാണക്കേട് മറയ്‌ക്കാനായി പ്രതിപക്ഷ ശ്രമം.
കഴിഞ്ഞ ദിവസം ഭരണഘടനാ ചര്‍ച്ചയിലാണ് ഷെല്‍ജ ഗുജറാത്തിലെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ലെന്ന കഥ സഭയില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ കുമാരി ഷെല്‍ജയുടെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭയില്‍ ഹാജരാക്കി. ഇതോടെ പ്രധാന ക്ഷേത്രത്തിലല്ല ഉപക്ഷേത്രത്തിലാണ് ദളിതയായ തന്നെ കയറ്റാത്തതെന്ന് പറഞ്ഞ് ഒഴിയാന്‍ ഷെല്‍ജ ശ്രമിച്ചു.
എന്നാല്‍ കേന്ദ്രമന്ത്രിയും നേതാവുമായ ഷെല്‍ജ എന്തുകൊണ്ട് അങ്ങനെയൊരു സംഭവമുണ്ടായെങ്കില്‍ പ്രതികരിക്കാതിരുന്നെന്ന ബിജെപി അംഗങ്ങളുടെ ചോദ്യത്തിന് ഷെല്‍ജയ്‌ക്ക് മറുപടിയില്ലായിരുന്നു. ബഹളം തുടര്‍ന്ന ഷെല്‍ജയും കോണ്‍ഗ്രസ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി സഭ തടസ്സപ്പെടുത്തി. കോണ്‍ഗ്രസ് നിര്‍മ്മിച്ചെടുത്ത വേര്‍തിരിവ് കഥയാണ് ഷെല്‍ജയുടേയെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഷെല്‍ജ സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യസഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു.
ലോക്‌സഭയില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെസിങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സഭ പലവട്ടം നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കാര്യപരിപാടികള്‍ തടസ്സപ്പെട്ടതോടെ പ്രധാനമന്ത്രി ലോക്‌സഭ വിട്ടു. ഹരിയാനയില്‍ ദളിത് കുട്ടികള്‍ തീപിടിച്ച് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികള്‍ ആരോപണം ഉന്നയിച്ചതിനെതിരായ വി.കെ സിങിന്റെ പ്രസ്താവന മുന്‍നിര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. കേന്ദ്രമന്ത്രി നിരവധി തവണ പ്രസ്താവനയ്‌ക്ക് വിശദീകരണം നല്‍കിയതാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു സഭയില്‍ പറഞ്ഞു.
















