ന്യൂദല്‍ഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടെസ്റ്റിന് ഇന്ന് തുടക്കം. മൂന്ന് ടെസ്റ്റുകള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരുന്നു. സ്പിന്‍ പിച്ചിന്റെ ചതിക്കുഴി ഒരുക്കിയാണ് ഇന്ത്യ രണ്ട് ടെസ്റ്റുകളും വിജയിച്ചത്. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും സ്പിന്‍ മികവില്‍ ടീം ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മഴയില്‍ ഒലിച്ചുപോയിരുന്നു. പരമ്പരയില്‍ ഇതുവരെ ഒരു സെഞ്ചുറിപോലും ഉണ്ടായിട്ടില്ല. തന്റെ നൂറാം ടെസ്റ്റ് കളിച്ച് 85 റണ്‍സെടുത്ത ഡിവില്ലിയേഴ്സാണ് ഇന്നിംഗ്സിലെ ടോപ്സ്കോറര്‍. ഇന്ത്യന്‍ നിരയില്‍ 77 റണ്‍സെടുത്ത പൂജാരയാണ് ഒന്നാമന്. 75 റണ്‍സെടുത്ത മുരളി വിജയ് രണ്ടാമതും.
ബാറ്റ്സ്മാന്മാര്ക്ക് യാതൊന്നും ചെയ്യാന്‍ കഴിയാതിരുന്ന കഴിഞ്ഞ ടെസ്റ്റുകളില്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സില്‍ നിന്നായി അശ്വിന് 24 വിക്കറ്റുകള്‍ പിഴുതപ്പോള്‍ ജഡേജ 16 എണ്ണം സ്വന്തമാക്കി. നാല് ഇന്നിങ്സുകളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ അമിത് മിശ്ര ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. നാലാം ടെസ്റ്റിലും അശ്വിന്-ജഡേജ-മിശ്ര ത്രയമായിരിക്കും കളി നിയന്ത്രിക്കുക. ഫിറോസ് ഷാ കോട്ലയിലും സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അവസാന ടെസ്റ്റിലും വിജയം മാത്രമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്നാല്‍ ബാറ്റിങ്നിര പരാജയമാണ്. ഓപ്പണര്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും മാത്രമാണ് ഫോമിലുള്ള ഏകതാരം. മൂന്ന് ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 195 റണ്‍സെടുത്ത മുരളിയാണ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരം. 173 റണ്‍സ് നേടിയ രണ്ടാം ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് രണ്ടാമത്. മൂന്നാമത് 160 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും. മുരളിക്കും പൂജാരക്കുമൊപ്പം ശിഖര്‍ ധവാന്, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, എന്നിവരും ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാകം. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയും ഫോമിലേക്കെത്തിയിട്ടില്ല.
അതേസമയം ആശ്വാസജയം ലക്ഷ്യമിട്ട് അവസാന ടെസ്റ്റിനിറങ്ങുന്ന ദക്ഷിണാഫ്രിക്കയെ അലട്ടുന്നത് പരിക്കാണ്. സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് ഇന്നും കളിക്കാനിറങ്ങുമോ എന്ന കാര്യം ഉറപ്പില്ല. കഴിഞ്ഞദിവസം നെറ്റ്സ് പരിശീലനത്തില്‍ സ്റ്റെയിന് കാഴ്ചക്കാരന് മാത്രമായിരുന്നു. കെയ്ല്‍ അബോട്ടും സ്റ്റെയ്ന്റെ പകരക്കാരനായ മെര്‍ച്ചന്റ് ഡി ലാഞ്ചെയും ദീര്‍ഘനേരം പരിശീലിക്കുകയും ചെയ്യും. ഫിറ്റ്നസ് ടെസ്റ്റിന്റെ ഫലം വന്നതിന്റെ ശേഷമേ സ്റ്റെയിന്റെ കാര്യത്തില്‍ തീരുമാനമാകൂ. നൂറു ശതമാനം ഫിറ്റ്നസുണ്ടെങ്കില്‍ മാത്രമേ സ്റ്റെയ്നെ കളിപ്പിക്കൂ എന്ന് അസിസ്റ്റന്റ് കോച്ച് അഡ്രിയാന്‍ ബിരെല് പറഞ്ഞു. സ്റ്റെയിന്റെ അഭാവത്തില്‍ മോണി മോര്‍ക്കലും രബാദയും പേസ് ബൗളിങ് നയിക്കും. സ്പിന്നര്‍മാരായി ഇമ്രാന് താഹിറും ഹാര്‍മറും.
പരമ്പരയില്‍ താഹിര്‍ 12ഉം ഹാര്‍മര്‍ 10ഉം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
എന്നാല്‍ ഡിവില്ലിയേഴ്സ് ഒഴികെയുള്ള ബാറ്റ്സ്മാരുടെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. ക്യാപ്റ്റന്‍ ഹാഷിം ആംല, വാന്‍ സീല്‍, ഡീന്‍ എല്‍ഗാര്‍, ഡുപ്ലെസിസ്, ഡുമ്നി എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് നേരിയ പ്രതീക്ഷയ്ക്കെങ്കിലും വകയുള്ളൂ.
















