സമത്വമുന്നേറ്റയാത്രയ്ക്ക് പുന്നപ്രയില്‍ നല്കിയ സ്വീകരണം
ആലപ്പുഴ: സംസ്ഥാനത്ത് മതേതരത്വം ന്യൂനപക്ഷപ്രീണനമായി അധഃപതിച്ചെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമത്വ മുന്നേറ്റയാത്രയ്ക്ക് പുന്നപ്രയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘടിത മതന്യൂനപക്ഷക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിന്റെ മറുവാക്കായി മതേതരത്വം മാറി. മതേതരത്വം എന്നു പറയുകയും ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്‍കുകയും ചെയ്യുന്നതാണ് ഇടതു വലതു മുന്നണികളുടെ നയം. മതേതരത്വമെന്ന കള്ളനാണയത്തിന്റെ ഇരുവശങ്ങളായി ഇരുമുന്നണികളും മാറി. ഇവര്‍ അണ്ണന്- തമ്പി കളികള്‍ നടത്തുകയാണ്. അധികാരത്തിനുവേണ്ടിയുള്ള ഇടതു വലതു മുന്നണികളുടെ ഒത്തുകളി ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതിന്റെ തെളിവാണ് സമത്വമുന്നേറ്റയാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണവും ജനപങ്കാളിത്തവും.
ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജം നല്കിയ ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍ തൊഴിലാളികളെയും അവര്‍ അവഗണിച്ചു. പുന്നപ്ര -വയലാര്‍ സമരത്തിലെ രക്തസാക്ഷികളുടെ പേരുപോലും അറിയാത്ത സഖാക്കളാണ് ഇടതിനെ നയിക്കുന്നത്. വിപ്ലവപാര്‍ട്ടി നേതാക്കള്‍ സുഖലോലുപരായി മാറിയത് പ്രസ്ഥാനത്തിന്റെ അടിത്തറതന്നെയിളക്കി. യുവാക്കള്‍ പാര്‍ട്ടി വിടുന്നതിന്റെ പ്രധാന കാരണം അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ടുതരം നീതിയാണ് ഇന്ന് ഇവിടെയുള്ളത്. ചീഫ് സെക്രട്ടറി തന്നെ ഭരണഘടനാ ലംഘനം നടത്തി സുവിശേഷം പ്രസംഗിച്ചിട്ട് കേസെടുത്തില്ല. തൃശൂരില്‍ ബിഷപ്പും വര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗിച്ചിട്ടും കണ്ടില്ലെന്നു നടിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ താന്‍ കേസുകൊടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരു ദുരന്തത്തില്‍ മൂന്നു പേര്‍ക്ക് അപകടം സംഭവിച്ചപ്പോള്‍ ഒരാളോടു മാത്രം അനുകമ്പ കാണിച്ചത് ശരിയല്ലെന്ന് വിളിച്ചു പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നില്ലെന്നും അതിന്റെ പേരില്‍ തന്നെ ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും വലിയ വെടിക്കെട്ടുകാരനെ ചെറിയ പടക്കം കാണിച്ച് വിരട്ടാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് കലവൂര്‍ എന്‍. ഗോപനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. യോഗം പ്രസിഡന്റ് ഡോ. എം.എന്‍ സോമന്, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി. ബാബു, കേന്ദ്ര സ്വാഗതസംഘം ഖജാന്‍ജി കെ.കെ.മഹേശന്, സാംബവ സൊസൈറ്റി പ്രസിഡന്റ് ഐ. ബാബു, മുന്നാക്ക സമുദായ മുന്നണി സംസ്ഥാന പ്രസിഡന്റ് സി.എസ്. നായര്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്കരന്‍പിള്ള, ധീവര മഹാസഭാ പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്, പാണന് സമുദായ മുന്നണി നേതാവ് തഴവ സഹദേവന്, പട്ടികജാതി ഏകോപന സമിതി നേതാവ് പി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.എസ്.എന്‍. ബാബു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. പ്രേമാനന്ദന് നന്ദിയും പറഞ്ഞു.
മാന്‍ഹോള്‍ ദുരന്തം: ധനസഹായം നല്‍കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഓരോലക്ഷംരൂപ വീതം ധനസഹായം നല്‍കുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ ആന്ധ്രസ്വദേശികളായ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കാത്തതിനാലാണ് താന്‍ മനുഷ്യത്വത്തിന്റെ പേരില്‍ സഹായിക്കുന്നതെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി.
















