ന്യൂദല്‍ഹി: ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം ദല്‍ഹി യൂണിയന്‍ ശാഖാ നമ്പര്‍ 4354 മെഹ്‌റോളിയുടെ ആഭിമുഖ്യത്തില്‍, കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി, ബാലഗോകുലം, നവോദയം എന്നീ സംഘടനകളുടെ സഹകരണത്തോടെ ആദ്യമായി യജുര്‍വ്വേദ മഹാരുദ്ര യജ്ഞം ഞായറാഴ്ച നടത്തും. രാവിലെ 9 മണി മുതല്‍ ഛത്തര്‍പൂര്‍ മന്ദിറിലെ മാര്‍ക്കണ്ഡേയ മണ്ഡപത്തിലാണ് യജ്ഞം.
വേദ സംസ്‌കാരയജ്ഞ പ്രജാപതി വേദാചാര്യ വാചസ്പതി എം. ആര്‍. രാജേഷ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹവനത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. താണ്ഡവമാടുന്ന ശ്രീപരമേശ്വരനെ വൈദിക വിധിപ്രകാരം പ്രസാദിപ്പിക്കുമ്പോള്‍ ഭക്തിയോടും വ്രതശുദ്ധിയോടുംകൂടി പങ്കെടുക്കുന്ന ഓരോ ഭക്തന്റെയും മനോകാമനകള്‍ക്കനുസ്രുതമായി സുനിശ്ചിതമായ ഫല പ്രാപ്തി ലഭ്യമാകുമെന്നു പറയപ്പെടുന്ന മഹാരുദ്ര യജ്ഞത്തില്‍ വേദ പ്രവചനം, വൈദിക പ്രദര്‍ശിനി, വേദഘോഷം, പ്രണവാഷ്ടോത്തര ശതനാമജപം എന്നിവയുമുണ്ട്.
പ്രവേശനം സൗജന്യമാണ്. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി നിജാമൃത ചൈതന്യ, ശാന്തിഗിരി ആശ്രമത്തിലെ സ്വാമി പത്മപ്രകാശ ജ്ഞാന തപസ്വി, പാലക്കാട് ശിവാനന്ദാശ്രമത്തിലെ മാതാ ത്യാഗപ്രിയാനന്ദ സരസ്വതി, കാലടി അദ്വൈതാശ്രമത്തിലെ സ്വാമി ബ്രഹ്മചാരി നാരായണ ഋഷി തുടങ്ങിയവര്‍ നടത്തുന്ന അനുഗ്രഹ പ്രഭാഷണവും ഉണ്ടാവുമെന്ന് മഹാരുദ്ര യജ്ഞക്കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ഗിരീഷ് കുമാര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും പൂജാദികള്‍ രജിസ്റ്റര്‍ ചെയ്യുവാനും 9560714834, 9660714778, 7838542188 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
















