ന്യൂദല്‍ഹി: എണ്ണൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ദല്‍ഹി ഭരിക്കുന്ന ഹിന്ദു ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രസ്താവന നടത്തിയെന്ന വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ഇംഗ്ലീഷ് വാരികയായ ഔട്ട്‌ലുക്ക് രംഗത്തെത്തി. രാജ്‌നാഥ്‌സിങ് നടത്താത്ത പ്രസ്താവന അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് മാപ്പപേക്ഷിച്ച വാരിക കേന്ദ്രആഭ്യന്തരമന്ത്രിയേയും പാര്‍ലമെന്റിനെയും അപകീര്‍ത്തിപ്പെടുത്താനുദ്ദ്യേശിച്ചായിരുന്നില്ല ലേഖനമെന്നും പറഞ്ഞു.
തിങ്കളാഴ്ച സഭയില്‍ നടന്ന അസഹിഷ്ണുതാവിവാദ ചര്‍ച്ചയില്‍ 2015 നവംബര്‍ 16ന് പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് വാരികയിലെ പ്രസ്താവനയുമായി സിപിഎം അംഗം മുഹമ്മദ് സലീം രാജ്‌നാഥ്‌സിങിനെതിരെ രംഗത്തെത്തിയിരുന്നു. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ പ്രസ്താവന രാജ്‌നാഥ്‌സിങ് പറഞ്ഞതായി പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് വാരിക ഉദ്ധരിച്ച മുഹമ്മദ് സലീം, പക്ഷേ മറ്റു സഭാംഗങ്ങള്‍ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയ്യാറായില്ല.
പ്രസ്താവന അരുടേതെന്ന് പരിശോധിക്കാതെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും രാജ്‌നാഥ്‌സിങിന് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിക്കുന്നതായും വാരിക ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. വാരികയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ തെറ്റു തിരുത്തിയിട്ടുണ്ടെന്നും എഡിറ്റര്‍ അറിയിച്ചു.
രാജ്‌നാഥ്‌സിങിനെതിരായ പരാമര്‍ശം തിരുത്താന്‍ തയ്യാറാകാതിരുന്ന സിപിഎം അംഗം സഭയ്‌ക്ക് തന്നെ തൂക്കിക്കൊല്ലാമെന്ന വിവാദ പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍ സലീമിന്റെ വാക്കുകള്‍ ലോക്‌സഭാ സ്പീക്കര്‍ സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തു.
















