കൊച്ചി: പുതിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി തെരഞ്ഞെടുപ്പിനെ ചൊല്ലി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ഒരു വിഭാഗം രംഗത്ത്. ഭരണസമിതിയില്‍ കായിക മന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചത് നിയമങ്ങള്‍ മറിക്കടനെന്ന ആരോപണം ഉയര്‍ന്നു. കബഡി അസോസിയേഷന്‍ പ്രതിനിധിയായി നുജുമുദ്ദീനെ അഡ്മിനിസ്‌ട്രേറ്റിവ് ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടിയാണ് വിവാദത്തിലായത്. കേരളാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കോച്ചസ് കണ്ടക്ട് റൂള്‍ പ്രകാരം പരിശീലകര്‍ക്ക് കായിക അസോസിയേഷനുകളില്‍ ഭാരവാഹിത്വം വഹിക്കാനാകില്ല.
ഇതു ലംഘച്ചുവെന്നാണ് ആരോപണം.
കഴിഞ്ഞ തവണയും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ‘ഭരണസമിതിയില്‍ നുജുമുദ്ദീനെ നിയമിച്ചിരുന്നു. വിവാദമായതോടെ അംഗത്വം റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതേ നിയമം നിലനില്‍ക്കേയാണ് ഇത്തവണത്തെ നടപടി. സായിയിലെ പരിശീലകനാണ് നുജുമദ്ദീന്‍. നിയമനത്തിനെതിരേ കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കായിക മേഖലയിലെ ഒരു വിഭാഗം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് യുഡിഎഫിലും പ്രതിഷേധം ഉയര്‍ത്തി. ‘ഭരണ സമിതിയില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് പല ഘടകകക്ഷികളും ആരോപിച്ചു. പ്രാതിനിധ്യം ആവശ്യപ്പെട്ട് കായിക മന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും മന്ത്രി ഇതു കണക്കിലെടുത്തില്ലെന്നാണ് പരാതി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നേരിട്ടു തന്നെ മുഖ്യമന്ത്രിയോടും കായിക മന്ത്രിയോടും ലീഗിന്റെ ആവശ്യം വ്യക്തമാക്കിയിരുന്നു. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, ഇത് അവഗണിക്കപ്പെട്ടുവെന്ന് ലീഗ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍കാല ഫുട്ബാളറും കേരള യൂണിവേഴ്‌സിറ്റി ഫുട്ബാള്‍ കോച്ചും എംജി യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവനുമായിരുന്ന ടി.കെ. ഇബ്രാഹിംകുട്ടിയാണ് വൈസ് പ്രസിഡന്റ്. ആര്‍എസ്പിയും ജനതാദള്‍ (യു)വും അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ പുതിയ ഭരണസമിതിയെ നിയോഗിക്കാന്‍ കായിക മന്ത്രി ഉത്തരവ് തയാറാക്കിയിരുന്നു. ഇത് മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞു. ജിവി രാജ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാതെ തിരുവഞ്ചൂര്‍ ഇതിലുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു.
പഴയ കൗണ്‍സിലിലെ പ്രസിഡന്റ് പത്മിനി തോമസുമായി മന്ത്രി സ്വരചേര്‍ച്ചയിലായിരുന്നില്ല. പുതിയ സമിതിയില്‍ ഇഷ്ടക്കാരെയും അടുപ്പക്കാരെയും കുത്തിനിറച്ചതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പൂര്‍ണ നിയന്ത്രണം മന്ത്രിയുടെ കൈകളിലായി.
















