ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ചാമ്പ്യന്മാര്‍ ബാഴ്‌സലോണയുടെ കുതിപ്പ് തുടരുന്നു. ലീഗില്‍ മുന്നിലുള്ള ബാഴ്‌സ മടക്കമില്ലാത്ത നാലു ഗോളിന് റയല്‍ സോസിഡാഡിനെ തുരത്തി. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനും ജയം. എസ്പാന്യോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അത്‌ലറ്റികോ. 33 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമത് തുടരുന്നു. 29 പോയിന്റുള്ള അത്‌ലറ്റികോ രണ്ടാമത്.
നെയ്‌മറുടെ ഇരട്ട ഗോളുകളും ലൂയി സുവാരസ്, ലയണല്‍ മെസി എന്നിവരുമാണ് കറ്റാലന്മാര്‍ക്ക് വന്‍ ജയമൊരുക്കിയത്. 22, 53 മിനിറ്റുകളിലാണ് നെയ്‌മര്‍ ലക്ഷ്യം കണ്ടത്. സുവാരസ് 41ാം മിനിറ്റിലും, മെസി ഇഞ്ചുറി ടൈമിലും സ്‌കോര്‍ ചെയ്തു. മൂന്നാം മിനിറ്റില്‍ ആന്റണി ഗ്രീസ്മന്‍ നേടിയ ഗോളില്‍ പിടിച്ചുതൂങ്ങി രക്ഷപെട്ടു അത്‌ലറ്റികോ.
മറ്റു മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് ലെവന്റയെയും (1-0), ഡിപോര്‍ട്ടീവൊ ല കൊരുണ ലാസ് പല്‍മാസിനെയും (2-0), സെല്‍റ്റ ഡി വിഗോ സ്‌പോര്‍ട്ടിങ് ഗിജോണിനെയും (2-1) തോല്‍പ്പിച്ചു. ലാസ് പല്‍മാസ്-ഗ്രനഡ (2-2) മത്സരം സമനിലയില്‍.
മാഞ്ചസ്റ്ററിന്
കുരുക്കും ജയവും
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് സമ്മിശ്രം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങിയപ്പോള്‍, സിറ്റി ജയം കണ്ടു. ലെയ്‌സെസ്റ്റര്‍ സിറ്റിയാണ് യുണൈറ്റഡിനെ പിടിച്ചു കെട്ടിയത് (1-1), സിറ്റി സതാംപ്ടണിനെ 3-1ന് വീഴ്‌ത്തി.
എവേ മത്സരത്തില്‍ 24ാം മിനിറ്റില്‍ ജാമി വാര്‍ഡിയുടെ ഗോളില്‍ പിന്നിലായ യുണൈറ്റഡിന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബാസ്റ്റ്യന്‍ ഷെയ്ന്‍സ്റ്റിഗര്‍ സമനില സമ്മാനിച്ചു. തുടരെ പതിനൊന്നാം മത്സരത്തിലാണ് ജാമി സ്‌കോര്‍ ചെയ്യുന്നത്. തട്ടകത്തില്‍ കെവിന്‍ ഡി ബ്ര്യൂണെ (ഒമ്പത്), ഫാബിയന്‍ ഡെല്‍ഫ് (20), അലെക്‌സാണ്ടര്‍ കൊളറോവ് (69) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. ഷെയ്ന്‍ ലോങ് സതാംപ്ടണിന്റെ ആശ്വാസം. ജയം സിറ്റിയെ വീണ്ടും ഒന്നാമതെത്തിച്ചു, 29 പോയിന്റ്. ലെയ്‌സെസ്റ്ററിനും 29 പോയിന്റെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാമത്. 28 പോയിന്റുള്ള യുണൈറ്റഡ് മൂന്നാമത്.
മറ്റു മത്സരഫലങ്ങള്‍: എഎഫ്‌സി ബേണ്‍മൗത്ത്-എവര്‍ട്ടണ്‍ (3-3), വാറ്റ്‌ഫോഡ്-ആസ്റ്റണ്‍ വില്ല (3-2), ക്രിസ്റ്റല്‍ പാലസ്-ന്യൂകാസില്‍ യുണൈറ്റഡ് (5-1), സണ്ടര്‍ലാന്‍ഡ്-സ്റ്റോക് സിറ്റി (2-0).
മിലാന്‍ മുന്നോട്ട്
മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ എസി മിലാന് ജയം. തട്ടകത്തില്‍ സാംപ്‌ദോറിയയെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തി മിലാന്‍. മബേയെ നിയാങ്ങിന്റെ ഇരട്ട ഗോളുകള്‍ ജയത്തില്‍ നിര്‍ണായകം. ജിയാകോമോ ബൊനവെഞ്ചുറ, ലൂയിസ് അഡ്രിയാനോ എന്നിവരും ലക്ഷ്യം കണ്ടു. സാംപ്‌ദോറിയയുടെ ആശ്വാസം എദര്‍. ജയത്തോടെ 23 പോയിന്റായ മിലാന്‍ അഞ്ചാം സ്ഥാനത്ത്. മറ്റൊരു മത്സരത്തില്‍ ടോറിനോ മടക്കമില്ലാത്ത രണ്ടു ഗോളിന് ബൊളോനയെ വീഴ്‌ത്തി.
തോല്‍ക്കാതെ
ബയേണ്‍
മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ തോല്‍വിയറിയാതെ ബയേണ്‍ മ്യൂണിച്ച് പതിനാലാം മത്സരം പൂര്‍ത്തിയാക്കി. ഹെര്‍ത്ത ബെര്‍ലിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്‌ത്തി പോയിന്റ് പട്ടികയില്‍ ഏറെ മുന്നില്‍ ചാമ്പ്യന്മാര്‍. തോമസ് മുള്ളര്‍, കിങ്‌സ്‌ലി കോമാന്‍ എന്നിവര്‍ സ്‌കോറര്‍മാര്‍. 13 കളികളിലും ജയിച്ച ബയേണിന് 40 പോയിന്റായി.
മറ്റു മത്സരഫലങ്ങള്‍: ഡാംസ്റ്റഡ്റ്റ്-കോണ്‍ (0-0), ഹന്നോവര്‍-ഇന്‍ഗ്ലൊസ്റ്റഡ്റ്റ് (4-0), ഹൊഫെന്‍ഹെയിം-ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് (3-3), മെയ്ന്‍സ്-എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് (2-1), ഹാംബര്‍ഗ്-വെര്‍ഡെര്‍ ബ്രെമന്‍ (3-1).
പിഎസ്ജി
കുതിക്കുന്നു
പാരീസ്: ഫ്രാന്‍സില്‍ പാരീസ് സെന്റ് ജര്‍മനാണ് താരം. ലീഗില്‍ തോല്‍ക്കാതെ പതിനഞ്ചാം മത്സരം പൂര്‍ത്തിയാക്കിയ സെന്റ് ജര്‍മന്‍ 41 പോയിന്റുമായി മുന്നില്‍. കഴിഞ്ഞ മത്സരത്തില്‍ ട്രോയസിനെ ഒന്നിനെതിരെ നാലു ഗോളിന് കീഴടക്കി പിഎസ്ജി. എഡിന്‍സണ്‍ കവാനി (20), സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് (58), ലെവിന്‍ കുര്‍സവ (67), ജീന്‍ കെവിന്‍ അഗസ്റ്റിന്‍ (84) എന്നിവരാണ് ലക്ഷ്യം കണ്ടത്. തോമസ് അയസി ട്രോയസിന്റെ ആശ്വാസം.
ലിലെയെ 2-0ന് കീഴടക്കിയ ആംഗേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 26 പോയിന്റുണ്ട് ആംഗേഴ്‌സിന്. അതേസമയം, രണ്ടാം സ്ഥാനത്തേക്ക് കയറാമായിരുന്ന ഒളിംപിക് ലിയോണിന് തിരിച്ചടി. മോണ്ട്‌പെല്ലിയറിനോട് രണ്ടിനെതിരെ നാലു ഗോളിന് തോറ്റ ലിയോണ്‍ 25 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ ടൗളൗസ് മടക്കമില്ലാത്ത രണ്ടു ഗോളിന് നൈസിനെ തോല്‍പ്പിച്ചു. ഗാസെലെക് അജാസിയോ-ലോറിയന്റ് (1-1), നാന്റസ്-ബാസ്റ്റിയ (0-0), റെയ്‌മ്‌സ്-റെന്നെസ് (2-2) മത്സരങ്ങള്‍ സമനിലയില്‍.
















