കൊച്ചി: അവസാന ഹോം മാച്ചില്‍ ബ്ലാസ്റ്റേഴ്‌സ് പൊരുതുമ്പോള്‍ വിഐപി പവലിയനില്‍ ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, സച്ചിനില്ലാത്ത ദിവസങ്ങളില്‍പോലും നിറഞ്ഞു കവിഞ്ഞ കൊച്ചിയിലെ സ്റ്റേഡിയം ഇന്നലെ പാതി പോലും നിറഞ്ഞില്ല. ഹോം മാച്ചിലും തങ്ങളുടെ പ്രിയപ്പെട്ട ടീം തോല്‍ക്കുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരും, ടീമില്‍ അവസാന പ്രതീക്ഷ നഷ്ടപ്പെട്ടവരുമൊക്കെ ഇന്നലെ അകന്നുനിന്നു. ആവേശക്കാഴ്ചക്ക് എത്തിയവരാകട്ടെ, ടീം മാനേജ്‌മെന്റിന്റെ കടുംപിടിത്തത്തിനും നിലപാടിനുമെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി ആരാധകര്‍ ഒതുങ്ങി. ആദ്യ ഗോളില്‍ ആവേശംകൊണ്ട ഗാലറി പിന്നെ നിശബ്ദമാകുന്നതും രണ്ടാം പകുതി അവസാനിക്കുന്നതിനും മുമ്പേ കൊഴിഞ്ഞുതീരുന്നതും കാണാനായി. 32,000 പേരാണ് കളി കാണാനത്തെിയത്. കൊച്ചിയില്‍ നടന്ന മത്സരങ്ങളില്‍ ഏറ്റവും കുറവ് കാണികളത്തെിയതും ഇന്നലെ.
















