കൊച്ചി: ഇന്ന് തോറ്റാല്‍ നിലവിലെ റണ്ണേഴ്‌സപ്പായ ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍ എഫ്‌സി ഗോവ. ഇന്നത്തെ കൡയില്‍ ജയിച്ചാല്‍ എഫ്‌സി ഗോവ ഏറെക്കുറെ സെമി ഉറപ്പാക്കും. മറിച്ച് ബ്ലാസ്‌റ്റേഴ്‌സിന് വിദൂര സാധ്യതപോലും നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യം.
12 കളികളില്‍ നിന്ന് മൂന്ന് വിജയവും മൂന്ന് സമനിലയും ആറ് പരാജയവുമടക്കം 12 പോയിന്റുമായി ഏറ്റവും പിന്നിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം.
ഇന്നത്തെ മത്സരം കൂടാതെ ഒരു മത്സരം കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്. ഡിസംബര്‍ മൂന്നിന് ദല്‍ഹിയില്‍ ദല്‍ഹി ഡൈനാമോസിനെതിരെ. ഇൗ രണ്ട് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുകയും ഒപ്പം മറ്റ് മത്സരങ്ങളുടെ ഫലവും അനുസരിച്ചായിരിക്കും വിദൂരമായ സെമി സാധ്യത. നിലവിലെ പ്രകടനം വച്ചുനോക്കിയാല്‍ ബ്ലാസ്‌റ്റേഴ്‌സ് സെമി കാണാതെ പുറത്താകാനാണ് സാധ്യത. അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌സിയോടേറ്റ പരാജയവും മുംബൈ സിറ്റിയോട് സമനില പാലിക്കുകയും ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത ഏറെക്കുറെ ഇല്ലാതാക്കിയത്.
അതേസമയം കൊല്‍ക്കത്തയോട് കഴിഞ്ഞ ദിവസം പൂനെ എഫ്‌സി തോറ്റതോടെയാണ് ബ്ലാസ്‌റ്റേഴ്‌സിന് നേരിയ സാധ്യത തുറന്നുകിട്ടിയത്. ഇനിയുള്ള മത്സരങ്ങളുടെ ഫലങ്ങളും അനുകൂലമായാല്‍ ബ്ലാസ്‌റ്റേഴ്‌സ് അവസാന നാലില്‍ ഇടംപിടിക്കും. അതിനായി കണക്കുകളുടെ കൡതന്നെയാണ് ശരണം.
സ്ഥിരതയില്ലായ്‌മയാണ് ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം. ആദ്യ മത്സരങ്ങളില്‍ മധ്യനിരയിലായിരുന്നു പിഴവെങ്കില്‍ കഴിഞ്ഞ മത്സരങ്ങളില്‍ പ്രതിരോധമാണ് തോല്‍വിക്ക് കാരണക്കാരായത്. പീറ്റര്‍ റാമേജും, സന്ദേശ് ജിംഗാനും രാഹുല്‍ ബെക്കെയും ഉള്‍പ്പെടുന്ന പ്രതിരോധത്തിന്റെ കനത്ത പാളിച്ചയാണ് ചെന്നൈയിന്‍ എഫ്‌സിെക്കതിരായ കനത്ത തോല്‍വിക്ക് കാരണം. ഒപ്പം പരിക്കും ടീമിന് തിരിച്ചടിയായി.
ഒരു കളിയില്‍ മാത്രം കുറച്ചുസമയം കളിച്ച മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന ടീമിന് ബാധ്യതയായപ്പോള്‍ മറ്റൊരു താരമായ സാഞ്ചസ് വാട്ട് പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച അന്റോണിയോ ജര്‍മ്മന് സ്ഥിരത നിലനിര്‍ത്താനും കഴിയുന്നില്ല. അഞ്ച് ഗോളുകള്‍ നേടിയ ക്രിസ് ഡഗ്‌നലിലാണ് ടീമിന്റെ പ്രതീക്ഷ. ഒപ്പം നാല് ഗോളുകള്‍ സ്വന്തമാക്കിയ മലയാളി താരം മുഹമ്മദ് റാഫിയും അന്റോണിയോ ജര്‍മ്മനും ഇന്ന് അവസരത്തിനൊത്തുയര്‍ത്താന്‍ ലൂസിയോ നയിക്കുന്ന ഗോവന്‍ പ്രതിരോധം അവരെ തടഞ്ഞുനിര്‍ത്താന്‍ ഏറെ പണിപ്പെടും.
ഗോള്‍വലക്ക് മുന്നില്‍ കഴിഞ്ഞ കളിയിലെപ്പോലെ സന്ദീപ് നന്ദിയായിരിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ ഒന്നാം നമ്പര്‍ ഗോളിയായ സ്റ്റീവന്‍ ബൈവാട്ടറുടെ കൈകള്‍ ഏറെ ചോരുന്നുണ്ടായിരുന്നു. 11 കളികളില്‍ നിന്ന് 18 ഗോളുകളാണ് സ്റ്റീവന്‍ ബൈവാട്ടര്‍ വഴങ്ങിയത്. ഇതാണ് കഴിഞ്ഞ മത്സരത്തില്‍ കോച്ചിനെ മാറ്റിചിന്തിപ്പിച്ചത്. ജോസും പുള്‍ഗയും കോയിമ്പ്രയും മെഹ്താബ് ഹുസൈനയും ഉള്‍പ്പെടുന്ന മികച്ച മധ്യനിരയും ബ്ലാസ്‌റ്റേഴ്‌സിനുണ്ടെങ്കിലും ഒരു മത്സരത്തില്‍ മിന്നിയാല്‍ അടുത്ത മത്സരത്തില്‍ പരാജയപ്പെടുന്നു. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഇറങ്ങിയാലേ ഇന്ന് കരുത്തരായ ഗോവയ്‌ക്ക് മുന്നില്‍ പ്രതീക്ഷക്ക് വകയുള്ളൂ.
മറുവശത്ത് 12 കളികളില്‍ നിന്ന് 19 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഗോവ സെമിയുടെ വാതില്‍ക്കലാണ്. ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 22 പോയിന്റുമായി അവര്‍ക്ക് അവസാന നാലില്‍ ഇടം ഏറെക്കുറെ ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും. ഡിസംബര്‍ ആറിന് അവസാന മത്സരത്തില്‍ ദല്‍ഹിയുമായി സമനില പാലിക്കാന്‍ കഴിഞ്ഞാല്‍ 23 പോയിന്റുമായി മറ്റ് മത്സരങ്ങള്‍ക്കൊന്നും കാത്തുനില്‍ക്കാതെ ഗോവ സെമിയിലേക്ക് മാര്‍ച്ച് ചെയ്യും.
എന്നാല്‍ പ്രമുഖരെ അലട്ടുന്ന പരിക്കാണ് ഗോവയെ അലട്ടുന്നത്. ലൂസിയാനോ സബ്രോ
സ, റാഫേല്‍ കൊയല്‍ഹോ, ബിക്രംജിത് സിങ്, പ്രണോയ് ഹാല്‍ഡര്‍, കീനന്‍ അല്‍മെയ്ഡ, ലൂയിസ് ബരേറ്റോ, ജോക്വിം അബ്രാഞ്ചസ് തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടയിലാണ്. റെയ്‌നാള്‍ഡോ, ഡുഡു എന്നിവര്‍ക്കായിരിക്കും ഗോളടിക്കാനുള്ള ചുമതല. ജോനാഥന്‍ ലൂക്ക, ലിയോ മൗറ, റോമിയോ ഫെര്‍ണാണ്ടസ്, മന്ദര്‍ ദേശായി എന്നിവര്‍ മധ്യനിരയിലും ലൂസിയോ, ഗ്രിഗറി അര്‍നോലിന്‍, കൊളാക്കോ തുടങ്ങിയവര്‍ പ്രതിരോധത്തിലും അണിനിരന്നേക്കും. ഇരുടീമുകളും തമ്മില്‍ ഗോവയില്‍ ഏറ്റുമുട്ടിയപ്പോള്‍ എഫ്‌സി ഗോവക്കായിരുന്നു വിജയം. ഈ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യം കൂടി ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.
പ്രതീക്ഷ കൈവിടില്ല: ഫെലാന്‍
കൊച്ചി: തോല്‍വികള്‍ തിരിച്ചടിയെങ്കിലും, പ്രതീക്ഷ കൈവിടില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ടെറി ഫെലാന്‍. ഇനിയുള്ള രണ്ടു കളികളും ജയിച്ച് മുഴുവന്‍ പോയിന്റും സ്വന്തമാക്കുക ലക്ഷ്യം. മുംബൈക്കെതിരെ ജയിക്കാനാകാത്തത് തിരിച്ചടി. പല കളികളും തൊണ്ണൂറാം മിനിറ്റില്‍ വഴങ്ങിയ ഗോളുകളിലാണ് തോറ്റത്. കളിക്കാരുടെ പരിക്കും ട്രാന്‍സ്ഫറും പുറത്താകലുമൊന്നും ഫുട്‌ബോളില്‍ പതിവെന്നും, അത് ജയത്തെയും പരാജയത്തെയും ബാധിക്കരുതെന്നും ഫെലാന്‍ പറഞ്ഞു.
ഗോവയ്‌ക്കെതിരേയുള്ള മത്സരത്തില്‍ ഡയമണ്ട് ഫോര്‍മേഷന്‍ ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് കളി തുടങ്ങുമ്പോള്‍ അത്തരം വിന്യാസങ്ങള്‍ക്ക് സ്ഥാനമില്ലെന്നായിരുന്നു ഫെലാന്റെയും സഹപരിശീലകന്‍ ട്രെവര്‍ മോര്‍ഗന്റെയും മറുപടി. എതിര്‍ ടീമിന്റെ കളിക്കനുസരിച്ച് കളി രീതി മാറ്റലാണ് പതിവ്. ഇന്നും അതിന് മാറ്റമില്ല. ആക്രമണ ഫുട്‌ബോളാണ് കാഴ്ചവയ്‌ക്കുകയെന്നും അവര്‍ പറഞ്ഞു.
സെമിയിലെത്തുക പ്രധാനം: ലൂസിയോ
കേരളം മികച്ച ടീമെങ്കിലും ഇന്നു ജയിച്ച് സെമിയിലെത്തുക ലക്ഷ്യമെന്ന് ഗോവയുടെ സഹപരിശീലകന്‍ ഫെര്‍ണാണ്ടോ വനൂസിയും സെന്റര്‍ ബാക്ക് ബ്രസീലിയന്‍ താരം ലൂസിയോയും വ്യക്തമാക്കി. രണ്ടു മത്സരങ്ങള്‍ ശേഷിക്കെ, ഒരു സമനിലയെങ്കിലും നേടിയാല്‍ സെമി ഉറപ്പ്. അപ്രതീക്ഷിത തോല്‍വികളാണ് തിരിച്ചടിയായതെന്നും ഇവര്‍ പറഞ്ഞു.
എല്ലാ ടീമുകള്‍ക്കും ബുദ്ധിമുട്ടുള്ള സീസണായിരുന്നു ഇത്തവണത്തേതെന്ന് ലൂസിയോ പറഞ്ഞു. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചം. ഇന്ത്യന്‍ താരങ്ങള്‍ ഏറെ മെച്ചപ്പെട്ടു. ഇന്ത്യന്‍ ഫുട്‌ബോളിന് ഐഎസ്എല്‍ വഴി എന്തു വികസനമുണ്ടായെന്നത് പ്രധാനമെന്നും ലൂസിയോ പറഞ്ഞു.
















