ആലുവ: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അര്‍ജ്ജുന, ഖേല്‍രത്‌ന പുരസ്‌കാരം നേടിയവരെത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള ചെസ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡിന്‍ടേയും ആലുവ അന്ധവിദ്യാലയത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദക്ഷിണേന്ത്യ അന്ധ ചെസ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ നല്ല രീതിയില്‍ പരിപോഷിക്കുന്ന ആലുവ അന്ധവിദ്യാലയം കേരളത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൈന്‍ഡ് ചെസ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് കെ. സത്യശീലനോടൊപ്പം ചെസ് കളിച്ചാണ് മന്ത്രി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തത്.
കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കേരളം, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ നിന്നുള്ള 120 കളിക്കാരാണ് പങ്കെടുക്കുന്നത്. മത്സരം ഞായറാഴ്ച അവസാനിക്കും. കാഴ്ചയുള്ളവരോടൊപ്പം കളിച്ച് അന്താരാഷ്‌ട്ര ഫിഡേ റേറ്റിംഗ് നേടിയിട്ടുള്ള കളിക്കാരും പങ്കെടുക്കുന്നുണ്ട്. ഈ ടൂര്‍ണമെന്റില്‍ കൂടുതല്‍ പോയന്റ് നേടുന്ന 20 കളിക്കാരെ ഡിസംബറില്‍ കര്‍ണാടകയിലെ ഷിമോഗയില്‍ നടക്കുന്ന നാഷണല്‍ ബി ചെസ് ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കും.
















