റാഞ്ചി: ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി. ട്രയാത്തലണില്‍ പി.എസ് പ്രഭാവതിയും പതിനായിരം മീറ്റര്‍ നടത്തത്തില്‍ മേരി മാര്‍ഗരറ്റുമാണ് സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന് നാല് സ്വര്‍ണമായി.
നാല് സ്വര്‍ണം കൂടാതെ രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ഏഴ് മെഡലുകളായി. പാല അല്‍ഫോണ്‍സ കോളജിലെ വിദ്യാര്‍ഥിയാണ് പ്രഭാവതി. പെണ്‍കുട്ടികളുടെ അണ്ടര്‍ 14 വിഭാഗത്തിലാണ് പ്രഭാവതി സ്വര്‍ണം നേടിയത്.
മലപ്പുറം കടയ്‌ക്കാശ്ശേരി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മേരി മാര്‍ഗരറ്റ്. അണ്ടര്‍ 18 വിഭാഗത്തിലാണ് മേരി മത്സരിച്ചത്. മീറ്റിന്റെ ആദ്യ ദിനത്തില്‍ കേരളം രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയിരുന്നു. നിലവില്‍ 43 പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം.
72 പോയിന്റുകളുമായി ഹരിയാനയാണ് ഒന്നാം സ്ഥാനത്ത്. 63 പോയിന്റുമായി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനത്തും 50 പോയിന്റുമായി ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തുമാണ്. 48 പോയിന്റുമായി ദല്‍ഹിയാണ് നാലാം സ്ഥാനത്ത്.
















