ദുബായ്: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിന് (3-1). അവസാന മത്സരത്തില്‍ 84 റണ്ണിനു ജയിച്ചാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്കുതീര്‍ത്തത്. 52 പന്തില്‍ പുറത്താകാതെ 116 റണ്ണെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ ജയത്തിലേക്കും പരമ്പരയിലേക്കും നയിച്ചത്. കളിയിലെയും പരമ്പരയിലെയും താരവും ബട്ലര്. സ്കോര്‍: ഇംഗ്ലണ്ട് – 355/5 (50), പാക്കിസ്ഥാന് – 271 (40.4).
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ബട്ലറുടെയും ഓപ്പണര്‍ ജയ്സണ്‍ റോയിയുടെയും (102) മികവില്‍ വന്‍ സ്കോര്‍ പടുത്തുയര്‍ത്തി. ജോ റൂട്ട് (71) അര്‍ധശതകം തികച്ചു. ബട്ലറുടെ വെടിക്കെട്ടാണ് ഇംഗ്ലണ്ടിനെ 355ലേക്കു നയിച്ചത്. 10 ഫോറും, എട്ട് സിക്സറും ആ ബാറ്റില്‍നിന്ന് പിറന്നു. ഏകദിനത്തില്‍ ബട്ലറുടെ മൂന്നാം സെഞ്ചുറിയാണിത്. 117 പന്തില്‍ റോയിയുടെ ഇന്നിങ്സ്. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ശതകമാണിത്.
മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്ത്താനാകാത്തതും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതുമാണ് പാക്കിസ്ഥാന് വിനയായത്. 52 റണ്ണെടുത്ത ഷൊയ്ബ് മാലിക്ക് ടോപ് സ്കോറര്‍. ബാബര്‍ അസം (51) അര്‍ധശതകം നേടി. നായകന് അസര്‍ അലി 44 റണ്ണെടുത്തു. ആദ്യ എട്ട് പേര് രണ്ടക്കം പിന്നിട്ടെങ്കിലും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാത്തത് തിരിച്ചടിയായി. ഒമ്പത് ഓവറിലേറെ അവശേഷിക്കെ പാക് ഇന്നിങ്സിന് വിരാമം. ഇംഗ്ലണ്ടിനായി മോയിന്‍ അലിയും ആദില്‍ റഷീദും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഡേവിഡ് വില്ലിക്ക് രണ്ടും, റീസി ടോപ്ലെ ഒന്നും വിക്കറ്റ്.
















