കൊല്ലം: ക്ഷേത്രത്തിനുള്ളില്‍ കയറി യുവാവിനെ മൂന്നംഗസംഘം ചേര്‍ന്ന് കുത്തിക്കൊന്നു. ശക്തികുളങ്ങര തിരുമുല്ലാവാരം കന്നിമേല്‍ചേരി കുറവെളുത്ത് കിഴക്കതില്‍ ബാബുവിന്റെ മകന്‍ കുട്ടന്‍ എന്നുവിളിക്കുന്ന സുമേഷ് (31) ആണ് അക്രമണത്തില്‍ കൊലപ്പെട്ടത്.
ഇന്നലെ രാവിലെ 7.40ന് തിരുമുല്ലാവാരം ഇടയ്‌ക്കാട് ക്ഷേത്രത്തിനുള്ളിലായിരുന്നു സംഭവം. പ്രദേശത്ത് ചെറിയ രീതിയില്‍ മൈക്ക് ആന്റ് സൗണ്ട് നടത്തുന്ന സുമേഷ് സംഭവം നടന്ന ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. ക്ഷേത്രത്തിലെ സ്ഥിരം ഭക്തരിലൊരാളായ സുമേഷ് വൃശ്ചികാഘോഷ ഭാഗമായി ലൈറ്റ് ഇടാന്‍ എത്തിയപ്പേഴായിരുന്നു സംഭവം.
സുമേഷിനെ തിരക്കി രാവിലെ വീട്ടിലെത്തിയ സംഘം അവിടെ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്ഷേത്രത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ച സംഘം ഇരുമ്പുവടിയും വടിവാളുകളുംകൊണ്ടു സുമേഷിനെ വെട്ടുകയായിരുന്നു. ഒടുവില്‍ കൈയില്‍ കരുതിയ കത്തികൊണ്ട് നെഞ്ചത്ത് കുത്തിപരുക്കേല്‍പ്പിച്ച ശേഷം കത്തിയൂരി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തിലധികം ഭക്തരില്ലായിരുന്നു. ഉണ്ടായിരുന്ന രണ്ടുപേരും ശബരിമല ദര്‍ശനത്തിന് പോകാന്‍ കെട്ടുനിറയ്‌ക്കാന്‍ വന്നവരും അക്രമണം കണ്ട് നിലവിളിക്കുകയായിരുന്നു. ബഹളം കേട്ട് ഓടികൂടിയ നാട്ടുകാര്‍ സുമേഷിനെ വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും വഴിമേധ്യ മരിക്കുകയുമായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്‌കരിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
















