ഫട്ടോര്‍ദ: ഐഎസ്എല്ലില്‍ ഇന്ന് ഗോവ എഫ്സി-മുംബൈ സിറ്റി എഫ്സി പോരാട്ടം. രാത്രി 7ന് ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കിക്കോഫ്.
ഒമ്പത് ദിവസത്തെ ഇടവേളക്കുശേഷമാണ് ഗോവ ഇന്ന് കളിക്കാനിറങ്ങുന്നത്. നിലവില്‍ 9 കളികളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയും രണ്ട് പരാജയവുമടക്കം 15 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സീക്കോയുടെ പരിശീലനത്തിന് കീഴില്‍ ഇറങ്ങുന്ന ഗോവ എഫ്സി. 9 കളികളില്‍ നിന്ന് മൂന്ന് വീതം വിജയവും സമനിലയും പരാജയവുമടക്കം 12 പോയിന്റുമായി ആറാം സ്ഥാനത്താണ് നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്സി. ഇന്ന് ജയിച്ചാല്‍ ഗോവക്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരാം.
മറിച്ച് മുംബൈയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരും. അവസാന മത്സരത്തില്‍ പൂനെയെ അവരുടെ തട്ടകത്തില്‍ ചെന്ന് 2-2ന് സമനില പിടിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസവും ഗോവന്‍ ക്യാമ്പിനുണ്ട്. ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നിലാണ് കളി എന്നതിനാല്‍ സാധ്യതയും ഗോവക്കുതന്നെ.
താരങ്ങളുടെ പരിക്കാണ് സീക്കോയെ അലട്ടുന്ന ഏറ്റവും വലിയ വെല്ലുവിളി. 7 പ്രധാന താരങ്ങളാണ് പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിട്ടുള്ളത്. ലൂസിയാനോ സബ്രോസ, റാഫേല്‍ കൊയല്‍ഹോ, ബിക്രംജിത് സിങ്, പ്രണോയ് ഹാല്‍ഡര്‍, കീനന്‍ അല്‍മെയ്ഡ, ലൂയിസ് ബരേറ്റോ, ജോക്വിം അബ്രാഞ്ചസ് എന്നിവരാണ് പരിക്കേറ്റവര്‍. നേരത്തെ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്ന റെയ്നാള്‍ഡോ, വിക്ടോറിനോ ഫെര്‍ണാണ്ടസ്, ജോഫ്രെ എന്നിവര്‍ ഫിറ്റ്നസ് വീണ്ടെടുത്തു എന്നതാണ് സീക്കോയുടെ ആശ്വാസം.
മറിച്ച് മുംബൈയടെ അവസ്ഥയും ശുഭകരമല്ല. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗോവയെ 2-0ന് പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയിലാണ് ഇന്ന് ടീമിന്റെ പ്രതീക്ഷ. ആറ് ഗോളുകളുമായി ടോപ് സ്കോറര്‍ സ്ഥാനത്താണ് ഇന്ത്യന്‍ നായകന് കൂടിയായ ഛേത്രി. എന്നാല്‍ പ്ലേ മേക്കര്‍ സോണി നോര്‍ദയുടെ അഭാവം മുംബൈക്ക് ക്ഷീണം ചെയ്യുമെന്ന് ഉറപ്പ്. പരിക്കാണ് നോര്‍ദക്ക് തടസ്സമായിരിക്കുന്നത്.
















