സാല്‍വഡോര്‍: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ നാളെ സൂപ്പര്‍ പോരാട്ടങ്ങള്‍. കൊളംബിയ സ്വന്തം മൈതാനത്ത് അര്‍ജന്റീനയെ നേരിടുമ്പോള്‍ ബ്രസീലിന് എതിരാളികള്‍ പെറുവാണ്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ഉറുഗ്വെ എവേ മത്സരത്തില്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയുമായി ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇക്വഡോര്‍ എവേ മത്സരത്തില്‍ വെനസ്വേലയുമായും ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് 9 പോയിന്റാണ് ഇക്വഡോറിനുള്ളത്.
യോഗ്യതാ റൗണ്ടില്‍ ഇതുവരെ വിജയം കണ്ടെത്താന്‍ കഴിയാത്ത അര്‍ജന്റീനക്ക് ഇന്ന് എവേ മത്സരം കനത്ത വെല്ലുവിളിയാണ്. മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള അര്‍ജന്റീന പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. സൂപ്പര്‍താരങ്ങളായ മെസ്സിയുടെയും അഗ്യൂറോയുടെയും കാര്‍ലോസ് ടെവസിന്റെയും അഭാവമാണ് അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയാവുക. അതേസമയം ചിലിയെ എവേ മത്സരത്തില്‍ 1-1ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊളംബിയ സ്വന്തം മണ്ണില്‍ അര്‍ജന്റീനക്കെതിരെ ഇറങ്ങുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2നാണ് മത്സരം.
മുന്‍ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഇന്ന് സ്വന്തം തട്ടകത്തിലാണ് മത്സരം. എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ പെറു. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് മത്സരത്തിന്റെ കിക്കോഫ്. കഴിഞ്ഞ കളിയില്‍ അര്‍ജന്റീനക്കെതിരായ എവേ മത്സരത്തില്‍ സമനില പിടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് നെയ്‌മറും കൂട്ടരും. കഴിഞ്ഞ മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് ബ്രസീല്‍.
വെനസ്വേലക്കെതിരായ മത്സരത്തില്‍ ജയിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാനായിരിക്കും ഇക്വഡോര്‍ കളത്തിലിറങ്ങുക. മറ്റൊരു മത്സരത്തില്‍ ഉറുഗ്വെ ചിലിയുമായി ഏറ്റുമുട്ടും.
















