പാലാ: കടപ്പാട്ടൂര്‍ ഇടത്താവള അവലോകന യോഗത്തില്‍ വൈദ്യുതി വകുപ്പിനും പിഡബ്ല്യുഡിക്കുമെതിരെ ദേവസ്വം ഭാരവാഹികളുടെ രൂക്ഷവിമര്‍ശനം.
കഴിഞ്ഞ തവണ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന് ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍നായര്‍. കേടായ തെരുവു വിളക്കുകളില്‍ ബള്‍ബുകള്‍ മാറ്റിയിടാന്‍ പോലും കെഎസ്ഇബി അധികാരികള്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ തവണത്തെ അലംഭാവം ഇത്തവണ തുടരാന്‍ പാടില്ലെന്ന് യോഗത്തില്‍ എം.പി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ സീസണിലെ അവലോകന യോഗത്തില്‍ കടപ്പാട്ടൂര്‍ ക്ഷേത്രത്തിനു സമീപം മെയിന്‍ റോഡില്‍ വലിയ ബോര്‍ഡ് സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി. വാഗ്ദാനം നല്‍കിയെങ്കിലും പിഡബ്ല്യുഡി അധികൃതര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഈ പ്രശ്‌നത്തിന് പിഡബ്ല്യുഡി അധികൃതരില്‍ നിന്നും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
അവലോകന യോഗത്തിനു ശേഷം കെഎസ്ഇബി ഉദ്യോഗസ്ഥരും മുത്തോലി പഞ്ചായത്ത്-പാലാ നഗരസഭ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള പ്രത്യേക യോഗവും ചേര്‍ന്നു. ഗതാഗത നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് തീരുമാനമെടുക്കാന്‍ പിന്നീട് പാലാ ആര്‍.ഡി.ഒ.യുടെ നേതൃത്തില്‍ പോലീസ് ഉദ്യോസ്ഥരുടെ യോഗവും ചേര്‍ന്നു.
















