ബ്യൂണസ് അയേഴ്‌സ്: ലോകം കാത്തിരുന്ന ക്ലാസിക് പോരാട്ടം ആരാധകരുടെ മനംപോലെയായി. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ കളത്തിലെ പ്രതാപശാലികളുടെ നേരങ്കം 1-1ന് സമനിലയില്‍. മൂന്നു കളികള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് പോയിന്റുമായി എട്ടാമത് അര്‍ജന്റീന. ഒരു ജയം പോലും നേടാനായിട്ടില്ല നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക്. നാലു പോയിന്റുമായി ബ്രസീല്‍ അഞ്ചാമത്.
തട്ടകത്തില്‍ കാണികളുടെ പിന്തുണയോടെ ആര്‍ത്തിരമ്പിയെങ്കിലും ലയണല്‍ മെസിയെന്ന സൂപ്പര്‍മാന്റെ അഭാവം അര്‍ജന്റീനയെ പിന്നോട്ടുവലിച്ചു. ആദ്യ പകുതി ആതിഥേയരുടെ പൂര്‍ണ നിയന്ത്രണത്തില്‍. നിരവധി വട്ടം ബ്രസീല്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. 34ാം മിനിറ്റില്‍ എസ്‌ക്വെയ്ല്‍ ലാവെസി ആതിഥേയരെ മുന്നിലെത്തിച്ചു. ഗൊണ്‍സാലോ ഹിഗ്വെയ്ന്‍ നല്‍കിയ ക്രോസ് ഡേവിഡ് ലൂയിസിനെയും ഡാനി ആല്‍വ്‌സിനെയും കബളിപ്പിച്ച് ലാവെസി വലയിലെത്തിച്ചു (1-0).
രണ്ടാം പകുതിയില്‍ ഒലിവെയ്‌രയ്‌ക്കു പകരം ഡഗ്ലസ് കോസ്റ്റ എത്തിയതോടെ ബ്രസീലിന്റെ കളി മാറി. അടുത്ത മിനിറ്റില്‍ ബ്രസീല്‍ സമനില നേടി. ബോക്‌സില്‍ ഉയര്‍ന്നു ലഭിച്ച പന്ത് കോസ്റ്റ പോസ്റ്റിലേക്ക് ഹെഡ് ചെയ്‌തെങ്കിലും ബാറില്‍ തട്ടി വീണ്ടും മൈതാനത്ത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലൂക്കാസ് ലിമ പന്ത് നിലം തൊടും മുന്‍പ് തൊടുത്ത ഷോട്ട് ആതിഥേയ വലയില്‍ ഭദ്രം (1-1). കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ഡേവിഡ് ലൂയിസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് ബ്രസീലിന് തിരിച്ചടിയായി. ലൂക്കാസ് ബിഗ്ലിയയെ അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനാണ് ലൂയിസിന് ചുവപ്പു കാര്‍ഡ് ലഭിച്ചത്. കരിയറില്‍ ആദ്യമായാണ് ലൂയിസ് ചുവപ്പ് കാര്‍ഡ് കാണുന്നത്.
















