സാന്റിയാഗോ: അര്‍ജന്റീന-ബ്രസീല്‍ ക്ലാസിക് പോരാട്ടം സമനിലയില്‍. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികള്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോളടിച്ച് തുല്യത പാലിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ നീലപ്പടയാണ് ആദ്യം ലീഡെടുത്ത്. 34 -ാം മിനിറ്റില്‍ ഇസ്‌ക്കെയേല്‍ ലെവീസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഹിഗ്വെയിന്‍ നല്‍കിയ സുന്ദരമായ ക്രോസ് കാനറികളുടെ വലയിലാക്കിയാണ് ലെവീസ് ലീഡ് സ്വന്തമാക്കിയത്.
ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായ ബ്രസീല്‍ 58-ാം മിനിറ്റില്‍ തിരിച്ചടിച്ചു. ലിമയാണ് ബ്രസീലിനെ ഒപ്പത്തിനൊപ്പമെത്തിച്ചത്. ഒരു മിനിറ്റുമുമ്പു മാത്രം പകരക്കാരനായ കളത്തിലെത്തിയ ഡഗ്ലസ് കോസ്റ്റയാണ് ഗോളിന് വഴിവച്ചത്. കോസ്റ്റയുടെ ശക്തമായ ഹെഡര്‍ ക്രോസ് ബാറില്‍ തട്ടി വീണത് ലിമയുടെ കാല്‍പ്പാകത്തിന്. സമയം പാഴാക്കാതെ ലുമ ഗോളിലേക്ക് നിറയൊഴിച്ചു.
ഇരുടീമും സമനിലപൂട്ടുപൊട്ടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍മാത്രം വന്നില്ല. കളിതീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡേവിഡ് ലൂയീസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ബ്രസീലിനു തിരിച്ചടിയായി. 88 ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചാണ് ലൂയിസ് മൈതാനം വിട്ടത്. അവസാന നിമിഷം പത്തുപേരായി ചുരുങ്ങിയ ബ്രസീല്‍ തോല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
















