ബ്യൂണസ് അയേഴ്‌സ്: ലോകം കാത്തിരുന്ന ക്ലാസ്സിക്ക് പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് മാറ്റി. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നലെ നടക്കേണ്ടിരുന്ന അര്‍ജന്റീന-ബ്രസീല്‍ താരയുദ്ധമാണ് മാറ്റിവെച്ചത്. കളി ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് നടക്കും.
ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നതാണ് മത്സരം മാറ്റിവെക്കാന്‍ കാരണമായത്. മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ സമയമുള്ളപ്പോഴാണ് മാറ്റിവെച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. മഴമൂലം ആരാധകര്‍ക്ക് കളി നടക്കേണ്ടിയിരുന്ന മോന്യുമെന്റല്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിച്ചേരാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു.
പരിക്കേറ്റ ലയണല്‍ മെസ്സിക്കും അഗ്യൂറോയ്‌ക്കും പുറമേ കാര്‍ലോസ് ടെവസും ഇല്ലാതെയാകും അര്‍ജന്റീന മഞ്ഞപ്പടയ്‌ക്കെതിരെ ഇറങ്ങുക. ഇത് വെല്ലുവിളിയാണെങ്കിലും ഹിഗ്വെയ്ന്‍, ഡി മരിയ തുടങ്ങിയവരുള്ള അര്‍ജന്റീനന്‍ നിര കരുത്തര്‍ തന്നെയാണ്.
യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടാനായിട്ടില്ല എന്നത് അര്‍ജന്റീന കോച്ച് മാര്‍ട്ടിനോയ്‌ക്ക് സമ്മര്‍ദ്ദമേറ്റുന്ന മുഖ്യ പ്രശ്‌നം. ആദ്യമത്സരത്തില്‍ ഇക്വഡറിനോട് തോറ്റ ടീം രണ്ടാം മത്സരത്തില്‍ പരഗ്വെയോട് സമനില വഴങ്ങി. സ്വന്തം തട്ടകത്തില്‍ ബ്രസീലിനെ തോല്‍പിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് മാര്‍ട്ടിനോയും സംഘവും.
അതേസമയം സൂപ്പര്‍താരം നെയ്‌മറുടെ തിരിച്ചുവരവോടെ ബ്രസീല്‍ ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ്. കോപ്പ അമേരിക്കയ്‌ക്കിടെ നേരിട്ട വിലക്കു മൂലം നെയ്‌മറിന് യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ചിലിയോട് 2-0ന് പരാജയപ്പെട്ടു. രണ്ടാം കൡയില്‍ വെനസ്വേലയെ 3-1ന് പരാജയപ്പെടുത്തുകയും ചെയ്ത് ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ടെങ്കിലും അര്‍ജന്റീനയെ അവരുടെ തട്ടകത്തില്‍ തളയ്‌ക്കുക കാനറികള്‍ക്ക് എളുപ്പമാകില്ല.
















