ബെംഗളൂരു: ആദ്യ ടെസ്റ്റില്‍ സ്പിന്‍ മികവില്‍ േനടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യക്ക് ഇന്ന് രണ്ടാം അങ്കം. ഗാന്ധി-മണ്ടേല ഫ്രീഡം ട്രോഫിക്കായുള്ള നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിനാണ് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കുന്നത്. പരിക്കിന്റെ പിടിയിലാണ് ദക്ഷിണാഫ്രിക്ക. അവരുടെ സൂപ്പര്‍താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്‌റ്റെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
അശ്വിന്‍, ജഡേജ, അമിത് മിശ്ര എന്നിവരുടെ സ്പിന്‍ ആക്രമണത്തിന്റെ കരുത്തിലാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ 109 റണ്‍സിന്റെ വിജയം നേടിയത്. രണ്ടിന്നിംഗ്‌സിലുമായി വീണ ദക്ഷിണാഫ്രിക്കയുടെ 20 വിക്കറ്റുകളില്‍ 19 എണ്ണവും വീഴ്‌ത്തിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. പതിവിന് വിപരീതമായി ടെസ്റ്റിന്റെ ഒന്നാം ദിവസം മുതല്‍ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാന്മാരില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ പരാജയമായിരുന്നു.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ രണ്ടിന്നിംഗ്‌സിലും പൂജ്യനായി മടങ്ങി. കോഹ്‌ലി ആദ്യ ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന് മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 29 റണ്‍സെടുത്തു. വൃദ്ധിമാന്‍ സാഹയും നിറം മങ്ങി. രണ്ട് ഇന്നിംഗ്‌സിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് ഓപ്പണര്‍ മുരളി വിജയും മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയും. രവീന്ദ്ര ജഡേജ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സെടുത്തു. എന്നാല്‍ ബൗളിംഗിലാണ് ജഡേജ കൂടുതല്‍ തിളങ്ങിയത്. രണ്ടിന്നിംഗ്‌സിലുമായി 76 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. പേസ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയുടെ മടങ്ങിവരവും ഇന്ത്യക്ക് ഗുണം ചെയ്യും. ഒരു ടെസ്റ്റ് സസ്‌പെന്‍ഷനുശേഷമാണ് ഇഷാന്തിന്റെ മടങ്ങിവരവ്. ഇഷാന്ത് ആദ്യ ഇലവനില്‍ ഇടംപിടിച്ചാല്‍ ഉമേഷ് യാദവോ വരുണ്‍ ആരോണൊ പുറത്താകും.
പേസ് ബൗളര്‍മാരായ സ്‌റ്റെയിന്‍, ഫിലാന്‍ഡര്‍ എന്നിവരുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. സ്‌റ്റെയിന് അടിവയറിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഫിലാന്‍ഡര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് പരിക്കേറ്റത്. ഫിലാന്‍ഡര്‍ക്ക് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും നഷ്ടമാകും. ഫിലാന്‍ഡര്‍ക്ക് പകരമായി കെയ്ല്‍ അബോട്ടിനെ ടീമിലെടുത്തിട്ടുണ്ട്. നേരത്തെ ജെ.പി. ഡുമ്‌നിയും മോണി മോര്‍ക്കലിനും സ്‌റ്റെയിനിനും പരിക്കേറ്റിരുന്നു. ഏകദിനത്തിനിടെ പരിക്കേറ്റ ജെ.പി.ഡുമ്‌നിയും മോണി മോര്‍ക്കലും ശാരീരികക്ഷമത വീണ്ടെടുത്തത് ദക്ഷിണാഫ്രിക്കക്ക് ആശ്വാസകരമാണ്.
മോണി മോര്‍ക്കല്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്. എങ്കിലും ഇന്ത്യന്‍ സ്പിന്‍ ത്രയത്തിനെതിരെ എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ വെല്ലുവിളി. എങ്കിലും ഡിവില്ലിയേഴ്‌സും ഹാഷിം ആംലയും, എല്‍ഗാറും, ഡു പ്ലെസിസും, വാന്‍ സിലും മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ സജീവമാകും. ഹാര്‍മറും ഇമ്രാന്‍ താഹിറുമാണ് സന്ദര്‍ശകര്‍ക്കായി സ്പിന്‍ യുദ്ധം നയിക്കുക.
















