ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാന്‍ തോന്നുന്നില്ല.
ഓഫീസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഉദ്യാഗസ്ഥയായ വീട്ടമ്മ തളര്‍ന്നിരുന്നു. ഒന്നു കിടന്നാല്‍ മതിയെന്നായിരുന്നു ബസ്സിലിരിക്കുമ്പോള്‍ അവരുടെ ചിന്ത. ഒരുവിധം വീട്ടിലെത്തി. കട്ടിലിലേക്ക് വീഴുകയായിരുന്നു എന്നു പറയാം. അപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. മനസാ ശപിച്ചുകൊണ്ട് വലിഞ്ഞു ചെന്ന് ഫോണ്‍ എടുത്തു. ‘ഹലോ….’ ഫോണില്‍ ചിരപപരിചിതമായ, കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്ന ശബ്ദം. ശരീരം കോള്‍മയില്‍ കൊണ്ടു.
‘ശാരീ, ഇതു ഞാന്‍ തന്നെ. അപ്രതീക്ഷിതമായി നാട്ടില്‍ വരാന്‍ ഒരു ചാന്‍സു കിട്ടി. അരമണിക്കൂറിനകം വീട്ടിലെത്തും. നീ റെഡിയാകൂ. മറ്റെല്ലാം വന്നിട്ടു പറയാം.’
ഫോണ്‍ കട്ടായി. അവര്‍ ചാടി എഴുന്നേറ്റു. സിരകളില്‍ കൂടി ഊര്‍ജ്ജതരംഗങ്ങള്‍ ചീറി പാഞ്ഞു. അങ്ങകലെ ജോലിചെയ്യുന്ന ഭര്‍ത്താവിന്റെ തികച്ചും അപ്രതീക്ഷിതമായ വരവ്. ശാരി തുള്ളിച്ചാടി ഒരുങ്ങാന്‍ തുടങ്ങി.
ഇനി ആലോചിക്കൂ. തളര്ച്ചയുണ്ടായതെങ്ങനെ? അത് മാറിയതെങ്ങനെ?ഉണരുമ്പോള്‍ മുതല്‍ ശുഭചിന്തകളെ മനസ്സില്‍ ചേക്കേറാന്‍ അനുവദിക്കൂ. നമുക്കുണ്ടാകുന്ന രോഗങ്ങളില്‍ ഏറിയപങ്കും ശാരീരിക കാരണം കൊണ്ടല്ല, ഉത്സാഹമില്ലാത്ത മനസ് വരുത്തുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. കര്‍മ്മം കര്മ്മയോഗമാകുമ്പോള് (ഈശ്വര പൂജ എന്ന വിധം) ആ കര്‍മ്മം ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുമെന്ന് ഗീതാചാര്യന് അരുളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: