ന്യൂദല്‍ഹി: പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍( രക്ത സമ്മര്‍ദ്ദം) ന്യൂമോണിയ എന്നിവയ്‌ക്കുള്ള വില കുറഞ്ഞ മരുന്ന് ദീപാവലി മുതല്‍ വിപണിയില്‍ ലഭിക്കും. പതിനെട്ടിനം അവശ്യമരുന്നുകളുടെ വിലയാണ് ദേശീയ ഔഷധ വില നിര്‍ണ്ണയ അഥോറിറ്റി വെട്ടിക്കുറച്ചിരിക്കുന്നത്. ഇവയെ വില നിയന്ത്രിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപഌ മെര്‍ക്ക്, ഫ്രാങ്കോ ഇന്ത്യന്‍, അലംബിക് ഫാര്‍മ, യൂണികെം തുടങ്ങിയ കമ്പനികള്‍ ഉല്പ്പാദിപ്പിക്കുന്ന മരുന്നുകളാണ് ഇവ.
ഇവ വില കുറച്ചുവിറ്റില്ലെങ്കില്‍ കമ്പനി അധികം ചുമത്തുന്ന തുകയും പലിശയും അടക്കം സര്‍ക്കാരില്‍ അടയ്‌ക്കേണ്ടവരും. ഈ മരുന്നുകളുടെ ഉല്പ്പാദനവും വില്പ്പനയും നിര്‍ത്താന്‍ ഈ കമ്പനികള്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അത് ആറു മാസം മുന്‍പ് സര്‍ക്കാരിനെ അറിയിക്കണം. വിലനിര്‍ണ്ണയ അതോറിറ്റി അറിയിച്ചു.
നിയന്ത്രണങ്ങള്‍ വഴി അവശ്യമരുന്നുകള്‍ വില കുറച്ചുകിട്ടുമെന്നു മാത്രമല്ല, വില കുറഞ്ഞ മരുന്നുകള്‍ വേറെ പേരിലും പുതിയ ചേരുവകള്‍ ചേര്‍ത്തും ചെറിയ മാറ്റങ്ങളോടെയും പുറത്തിറക്കുന്നത് തടയാനും സാധിക്കും.
ഇപ്പോള്‍ 700 ലേറെ മരുന്നുകളാണ് വില നിയന്ത്രിത ഔഷധങ്ങളുടെ പട്ടികയിലുള്ളത്. പട്ടിക വിപുലപ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍.
















