ചണ്ഡിഗഡ്: ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ കുട്ടികളെ ചുട്ടുകൊന്ന സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. തീപിടിത്തമുണ്ടായത് വീടിനകത്തു നിന്നാണെന്നും സംഭവ സമയം വീടിന്റെ ജനാലകള്‍ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുട്ടികളുടെ കിടക്കയ്‌ക്ക് അടിയില്‍നിന്ന് പാതികരിഞ്ഞ മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. കര്‍ണാലിലെ ലാബിലാണ് ഫോറന്‍സിക് പരിശോധന നടന്നത്. മേല്‍ജാതിക്കാരായ ഒരു സംഘം ആളുകള്‍ എത്തി പുറത്തു നിന്നും വീടിനു തീവയ്‌ക്കുകയായിരുന്നുവെന്നാണു കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് ദളിത് വിഭാഗത്തിന്റെ സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയിരുന്ന ഏഴ് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.
രണ്ട് വയസുള്ള ആണ്‍കുട്ടിയും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഠാക്കൂര്‍ സമുദായത്തില്‍ പെട്ടവരാണ് ആക്രമണം നടത്തിയതെന്ന് കുട്ടികളുടെ പിതാവ് പറഞ്ഞിരുന്നത്.
പുലര്‍ച്ചെ നാലിനായിരുന്നു തീപിടിത്തം ഉണ്ടായത്. തീപടരുന്നതു കണ്ടു ഓടിക്കൂടിയവര്‍ നാല് പേരെയും പുറത്തെത്തിച്ചെങ്കിലും കുട്ടികള്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
















