ന്യൂദല്‍ഹി: ഭാരത-ആഫ്രിക്കന്‍ ഉച്ചകോടിക്കെത്തിയ വിവിധ രാഷ്‌ട്രത്തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ച നേതാക്കള്‍, ഭാവി പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനം, അതതു രാജ്യങ്ങളുടെ തനതു മേഖലയിലെ സഹകരണം, സുരക്ഷാ സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഓരോത്തരെയും പ്രത്യേകമാണ് മോദി കണ്ടത്.
ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനും സിംബാബ് വെ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെ, ഘാന പ്രസിഡന്റ് ജോണ്‍ ദ്രമാനി മഹാമ, സ്വാസിലാന്‍ഡ് രാജാവ് മസ്‌വതി മൂന്നാമന്‍, ബെനിന്‍ പ്രസിഡന്റ് ഡോ. ബോണി യായി, നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, കെനിയ പ്രസിഡന്റ് ഉഹുറു കെനയറ്റ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, ഉഗാണ്ട പ്രസിഡന്റ് യോഹേരി മുസേവ്‌നി തുടങ്ങിയവര്‍ കൂടിക്കാഴ്ചയ്‌ക്കെത്തി.
















