ന്യൂദല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പടക്കം ഉപയോഗിക്കുന്നതില്‍ പുതിയ നിയന്ത്രണം കൊണ്ടുവരാനും കോടതി തയ്യാറായില്ല.
മൂന്നു കുട്ടികളാണ് ദീപാവലി പടക്കങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമാക്കി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് 2005ല്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് അരുണ്‍ കുമാര്‍ എന്നിവര്‍ പുറപ്പെടുവിച്ച വിധി തുടരുമെന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദീപാവലി ദിവസം രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവൂ എന്ന് കുട്ടികളുടെ അഡ്വക്കേറ്റ് എ.എം. സിങ്‌വി വാദിച്ചു. പൊതു സ്ഥലത്ത് ഒരു സമുദായം നടത്തുന്ന പരിപാടി മാത്രമാണിതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദിച്ചു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ നിയന്ത്രണങ്ങളോ കേസില്‍ ഉണ്ടാവില്ലെന്നും മറ്റു കക്ഷികളുടെ വാദം കേള്‍ക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ പടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച ഒക്‌ടോബര്‍ 16ന് കോടതി പുറത്തിറക്കിയ ഉത്തരവ് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു. ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയുള്ള കാലത്ത് പടക്കം ഉപയോഗിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
















