ന്യൂദല്‍ഹി: കേരള ഹൗസിലെ ബീഫ് വില്‍പ്പനയും ദല്‍ഹി പോലീസ് അന്വേഷണവും വിവാദമായതിനു പിന്നിലെ യഥാര്‍ത്ഥ കഥകള്‍ പുറത്തുവരുന്നു. ഇടത് നേതാക്കളുടെ ദല്‍ഹി സാന്നിദ്ധ്യവും ജനശ്രദ്ധ നേടാനുള്ള ചില വിരതന്മാരുടെ ആസൂത്രണവും ഏതാനും മാധ്യമ പ്രവര്‍ത്തകരുടെ നിക്ഷിപ്തതാല്‍പര്യവുമാണ് വിഷയം ഈ സ്ഥിതിയിലെത്തിച്ചത്. അനിഷ്ട സംഭവങ്ങളുണ്ടാകാമായിരുന്ന ഒരു വിഷയത്തില്‍ പോലീസ് ഇടപെട്ട് സമാധാനം ഉറപ്പാക്കിയ സംഭവമാണ് ചിലര്‍ ചേര്‍ന്ന് വഷളാക്കിയത്.
നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടി ഒരു വിരുതന്‍ നടത്തിയ ഗൂഢ നീക്കത്തിന് ആദ്യം ദല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇരയാവുകയായിരുന്നുവെന്നാണ് ഒരു വിലയിരുത്തല്‍. ദൃശ്യ മാധ്യമങ്ങള്‍ സംഭവ ദിവസംതന്നെ സ്ഥലത്തെത്തിയെങ്കിലും വാര്‍ത്താ പ്രാധാന്യം ഇല്ലെന്നു കണ്ട് തള്ളി. എന്നാല്‍, ഇടതുപക്ഷ രാഷ്‌ട്രീയ അനുഭാവികളായ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ രഹസ്യ യോഗം ചേരുകയും സംഭവം വന്‍ വിഷയമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
ഈ കൂട്ടരുടെ പരിശ്രമത്തിലും പ്രചാരണത്തിലും ചില ദേശീയ പത്രങ്ങളും വിഷയം ഏറ്റുപിടിച്ചു. അതിനിടെ, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയെ കൊണ്ടു ഫേസ്ബുക് പോസ്റ്റും ഇടുവിച്ചു. അതില്‍ കേരള ഹൗസില്‍ പോലീസ് കയറിയതിനേക്കാള്‍, ബീഫ് വില്‍പ്പനയുടെ പേരില്‍ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. പിണറായിയുടെ പോസ്‌റ്റോടെയാണ് സംഭവം മലയാളം ടെലിവിഷനുകള്‍ ചാനലുകളും ഏറ്റെടുത്തത്. റെയ്ഡിന്റെ പ്രസക്തി അവര്‍ അപ്പോഴാണ് ചിന്തിച്ചത്. ബീഫ് വിഷയത്തില്‍ വിവാദത്തിന് സാധ്യതയില്ലെന്നു മനസിലാക്കി പോലീസ് കേരള ഹൗസില്‍ കയറിയെന്ന കാരണം പറഞ്ഞ് എംപിമാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചതും കോര്‍ഡിനേറ്റ് ചെയ്തതും മാധ്യമപ്രവര്‍ത്തകരില്‍ ഒരു കൂട്ടരായിരുന്നു.
അതിനിടെ, എംപിമാരുടെ സമരത്തിനൊപ്പം കേരള പത്ര പ്രവര്‍ത്തക യൂണിയനും സമരം ചെയ്യാമെന്ന് തീരുമാനമായി. മറ്റ് അംഗങ്ങളോടു അഭിപ്രായം ചോദിക്കാതെ, ഏകപക്ഷീയമായി ചിലര്‍ ചേര്‍ന്നു തീരുമാനം എടുക്കുകയായിരുന്നു. ഇതു പ്രകാരം സമരത്തില്‍പങ്കെടുക്കാന്‍ എത്തണമെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശവും ഇവര്‍ അയച്ചു. പക്ഷേ, കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ബാനറില്‍ സമരം ചെയ്യാനുള്ള ചിലരുടെ ഏകപക്ഷീയമായ തീരുമാനം ചോദ്യം ചെയ്യപ്പെട്ടു. യുവ മാധ്യമ പ്രവര്‍ത്തര്‍ ഉള്‍പ്പെടെയുളള ചിലര്‍ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള ഹൗസിലെ ക്യാന്റീനില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പോലും ശക്തമായി ചോദ്യം ചെയ്യാത്ത യൂണിയന്‍, രാഷ്‌ട്രീയ വിഷയമായ ബീഫ് പ്രശ്‌നത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും അഭിപ്രായം ഉയര്‍ന്നു. ചിലര്‍ രാജി ഭീഷണിപോലും മുഴക്കി. ആരേയും നിര്‍ബന്ധിക്കുന്നില്ലെന്നും വേണമെങ്കില്‍ യൂണിയന്റെ സമരത്തില്‍ പങ്കെടുക്കാമെന്നുമായിരുന്നു ചില ഭാരവാഹികളുടെ ആദ്യ മറുപടി.
യൂണിയനില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യത്യസ്ത പ്രത്യേയ ശസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും അതുകൊണ്ട് ഭാരവാഹികളുടെ രാഷ്‌ട്രീയം അടിച്ചേര്‍പ്പിക്കാന്‍ ശ്രമിക്കണ്ടെന്നത് അടക്കമുളള ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സമരം കോര്‍ഡിനേറ്റ് ചെയ്യുന്നതില്‍ നിന്ന് കെയുഡബ്യുജെ ദല്‍ഹി നേതാക്കള്‍ പിന്‍മാറുകയായിരുന്നു. എങ്കിലും ഒരേ ചിന്താഗതിക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഈ നേതാക്കള്‍ പങ്കെടുത്തു. ഇവര്‍ നേതാക്കള്‍ക്കൊപ്പം പ്രതിഷേധിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വരികയും ചെയ്തു.
നിഷ്പക്ഷരെന്നു കരുതപ്പെടുന്ന പത്രപ്രവര്‍ത്തകരില്‍ ചിലരുടെ പക്ഷപാതം പ്രകടമായതും യൂണിയന്‍ പ്രവര്‍ത്തനത്തില്‍ രാഷ്‌ട്രീയ വിഭാഗീയത കൊണ്ടുവന്നത് ചോദ്യം ചെയ്യപ്പെട്ടതും യൂണിയന്‍ പ്രവര്‍ത്തനത്തിലും പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്.
















